ദുബൈ (www.mediavisionnews.in) :ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരാന്‍ ഐ.സി.സി. നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും.
നിരവധി കാരണങ്ങളാണ് ഐ.സി.സിയെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും ആരംഭിക്കാം, ടി20 ലീഗുകള്‍ക്ക് കൂടുതല്‍ സമയം, അഞ്ച് ദിവസ മത്സരങ്ങള്‍ക്ക് വേണ്ടി വരുന്ന ചിലവ്, കൂടുതല്‍ കാണികളെ ആകര്‍ഷിക്കാം പലകാരണങ്ങളും ഐ.സി.സിയെ സ്വാധീനിക്കുന്നുണ്ട്.
2015 മുതല്‍ 2023 വരെയുള്ള കാലത്ത് ടെസ്റ്റിന്റെ ദൈര്‍ഘ്യം നാല് ദിവസമായിരുന്നെങ്കില്‍ കുറഞ്ഞത് 335 ക്രിക്കറ്റ് ദിവസങ്ങള്‍ അധികമായി ലഭിക്കുമായിരുന്നു. ചതുര്‍ദിന ടെസ്റ്റ് എന്നത് പുതിയ ആശമല്ല. നേരത്തെ ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മില്‍ 2019ന്റെ തുടക്കത്തില്‍ ചതുര്‍ദിന ടെസ്റ്റ് നടന്നിരുന്നു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയും തമ്മിലും ചതുര്‍ദിന ടെസ്റ്റ് നടന്നിട്ടുണ്ട്.
ക്രിക്കറ്റ് ബോര്‍ഡുകള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഐ.സി.സിയുടെ ചതുര്‍ദിന ടെസ്റ്റിന്റെ ഭാവി. ആസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐ.സി.സിയുടെ നീക്കത്തിന് പച്ചക്കൊടി വീശിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഗാംഗുലി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ അഭിപ്രായം പറയാറായിട്ടില്ലെന്നായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ മാധ്യങ്ങളോട് സംസാരിക്കവേ ഗാംഗുലി പറഞ്ഞത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.