കോടതി പരിസരത്ത് ഖുര്‍ ആന്‍ പാരായണം നടത്തിയെന്ന് ആരോപണം; യു.പിയില്‍ സര്‍ക്കാര്‍ ഗുമസ്തനെ സസ്‌പെന്‍ഡ് ചെയ്തു

0
189

ലഖ്‌നൗ: (www.mediavisionnews.in) യു.പിയിലെ എസ്.ഡി.എം കോടതി പരിസരത്ത് വെച്ച് ഖുര്‍ ആന്‍ പാരായണം നടത്തിയതിന് സര്‍ക്കാര്‍ ഗുമസ്തന് സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ കോടതി പരിസരത്ത് ഖുറാന്‍ പാരായണം നടത്തിയതിന്റെ പേരിലാണ് നടപടി. ലെയ്ക്ക് അഹ്മദ് എന്നയാളെയാണ് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിങ് സസ്പെന്‍ഡ് ചെയ്തത്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് വെച്ച് ഇദ്ദേഹം ഖുര്‍ ആന്‍ വായിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ സര്‍ക്കാര്‍ പേപ്പറുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും അനുമതിയില്ലാതെ കോടതി സമുച്ചയത്തിനുള്ളില്‍ മതപരമായ ചടങ്ങുകള്‍ നടത്തിയതിന്റെ പേരിലല്ല സസ്‌പെന്‍ഷനെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് സിങ് പറഞ്ഞത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോടതി പരിസരത്ത് വെച്ച് അനുമതിയില്ലാതെ ഖുര്‍ ആന്‍ പാരായണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് എ.ഡി.എം എം.പി സിങ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തിയത് താനാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നലെ ഞാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഓഫീസില്‍ എത്തി അവിടെയുള്ള ആളുകളുമായി സംസാരിച്ചിരുന്നു. അവിടെ പഴയ കെട്ടിടത്തിന് സമീപം ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്.

കോട്ല പ്രദേശത്തെ ഒരു പള്ളിയില്‍ നിന്ന് പുരോഹിതന്മാരെ വിളിച്ച് അഹമ്മദ് എസ്.ഡി.എം കോടതിക്കുള്ളിലെ പഴയ കെട്ടിടത്തില്‍ താമസിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ തഹസില്‍ ദാര്‍ സന്ധ്യ ശര്‍മ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു.

പുതിയ കെട്ടിടത്തിന് സമീപം ഒരു മുസ്‌ലീം ശ്മശാനം ഉണ്ട്. പക്ഷേ അവിടെ എത്തുന്നവരെ സര്‍ക്കാര്‍ കെട്ടിടത്തില്‍ താമസിപ്പിക്കാന്‍ കഴിയില്ല. അവിടെ മതപരമായ ചടങ്ങുകളും നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് അഹ്മദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എമ്മിന് കത്ത് നല്‍കിയത് എന്നാണ് എ.ഡി.എമ്മിന്റെ വിശദീകരണം.

ജില്ലാ തഹസില്‍ദാറിന്റെ പുതിയ കെട്ടിടത്തിന് മുന്നില്‍ മുസ്‌ലീം ശ്മശാനം ഉണ്ടെന്നും ഇത് നെഗറ്റീവ് എനര്‍ജിയാണ് നല്‍കുകയെന്നും ആളുകള്‍ പരാതി പറയുന്നുണ്ടെന്നും എ.ഡി.എം പറഞ്ഞു.

എന്നാല്‍ ജോലിയില്‍ നിരുത്തരവാദിത്തം കാണിച്ചതിന്റെ പേരിലാണ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. നിര്‍മ്മാണത്തിലിരിക്കുന്ന എസ്.ഡി.എം കോടതി പരിസരത്ത് ഖുറാന്‍ പാരായണം ചെയ്തതിന്റെ പേരില്ല നടപടിയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

പേപ്പര്‍ വര്‍ക്കുകളിലെ അപാകതകള്‍ സംബന്ധിച്ച് വിവിധ ആരോപണങ്ങള്‍ അഹമ്മദിനെതിരെ വന്നിരുന്നു. അദ്ദേഹം ഇതില്‍ വിശദീകരണം നല്‍കിയിട്ടുമില്ല. തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ഡി.എം കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here