കാസര്‍കോട്: (www.mediavisionnews.in) കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനായി കാസര്‍കോട് ജില്ലയില്‍ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കുന്നു.
കേരളത്തില്‍ പുതിയ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും ഇത്തരമൊരു കോടതി വരുന്നത്. പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്രനിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്‌സോകോടതികള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും കാസര്‍കോട് ഉള്‍പ്പെടെയുള്ള മറ്റുജില്ലകളില്‍ ഒന്നും വീതം അതിവേഗ കോടതികളാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 57 പോക്‌സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ എവിടെയാണ് അതിവേഗ കോടതി സ്ഥാപിക്കുകയെന്ന് വ്യക്തമായിട്ടില്ല. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ഇതിന് അനുയോജ്യമായ സ്ഥലവും സാഹചര്യവുമുണ്ട്. നിലവില്‍ പ്രധാനകോടതി സമുച്ചയങ്ങള്‍ കാസര്‍കോട്ടെ വിദ്യാനഗറിലും കാഞ്ഞങ്ങാട്ടുമാണുള്ളത്. ജില്ലാ ഉപഭോക്തൃഫോറവും കുടുംബകോടതിയും വിദ്യാനഗറിലുണ്ട്. നിലവില്‍ പോക്‌സോ കേസുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് വിദ്യാനഗര്‍ കോടതി സമുച്ചയത്തിലുള്ള ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയാണ്. പോക്‌സോകേസുകള്‍ക്കായി പ്രത്യേക കോടതിയില്ല.
കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേകമായി ഒരുകോടതി ആവശ്യമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മറ്റ് കേസുകളും പരിഗണിക്കേണ്ടതിനാല്‍ ജോലിഭാരം പോക്‌സോകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് തടസ്സമാകുന്നു. പ്രത്യേക പോക്‌സോ കോടതി വന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കുട്ടികള്‍ പ്രതികളാകുന്ന കേസുകളുടെ ചുമതല കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് (ഒന്ന്) കോടതിക്കാണ്. ഇങ്ങനെയുള്ള കേസുകള്‍ക്കും പ്രത്യേക കോടതി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക