ജാർഖണ്ഡ് (www.mediavisionnews.in) : ആരുടേയും പൌരത്വം എടുത്തകളയാനുള്ളതല്ല പൗരത്വ ഭേദഗതി നിയമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി മുസ്ലിംകളെ ഇളക്കി വിടുകയാണ്. പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കണമോയെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും മോദി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനപ്പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ജമ്മു കശ്മീരിലും ലഡാക്കിലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നും പാക്കിസ്ഥാനികൾക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുമെന്നും തുറന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകളെ ഭയപ്പെടുത്തുന്നതിന് കോൺഗ്രസും സഖ്യകക്ഷികളും നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവർ അക്രമം പ്രചരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യൻ പൗരന്റെ പോലും അവകാശം കവർന്നെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗറില്ലാ രാഷ്ട്രീയം നിർത്തണം. ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ ഏക വിശുദ്ധ ഗ്രന്ഥം. ഞങ്ങളുടെ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും കോളജുകളിലെ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കും. ചില പാർട്ടികളും നഗര നക്സലുകളും വിദ്യാർഥികളുടെ തോളിലിരുന്ന് വെടിയുതിർക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.