ശബരിമല യുവതീ പ്രവേശനം: പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീം കോടതി വിധി പറയും

0
217

ദില്ലി: (www.mediavisionnews.in) ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും. രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പുനപരിശോധിക്കുമോ അതോ ഹര്‍ജികള്‍ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്.

ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തിൽ നിര്‍ണായകമാവുക. നവംബര്‍ 17- വിരമിക്കുന്ന ഗൊഗോയിക്ക് ഇനി നാളെയും മറ്റന്നാളും കൂടി മാത്രമേ പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വലിയ ചര്‍ച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം വലിയ പ്രതിഷേധങ്ങളുണ്ടാക്കി. മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. അതിനെതിരെ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്കും ശബരിമല എത്തി.

ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം ചീഫ് ജസ്റ്റിസായി എത്തിയ രഞ്ജൻ ഗൊഗോയിയാണ് ഇപ്പോഴത്തെ ഭരണഘടന ബെഞ്ചിന്‍റെ അദ്ധ്യക്ഷൻ. പുനഃപരിശോധന ഹര്‍ജികളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. ഭരണഘടന ബെഞ്ചിലുള്ള ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍ എന്നിവര്‍ ശബരിമല വിധിയിൽ ഉറച്ചുനിന്നാൽ ഭൂരിപക്ഷ തീരുമാനപ്രകാരം പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും. പക്ഷെ, വിശ്വാസത്തിന്‍റെ ഭരണഘടന അവകാശത്തിൽ വിശദമായ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് തോന്നിയാൽ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിടാം.

സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം ഓര്‍ഡിനൻസ് കൊണ്ടുവരുമെന്ന ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്നു. പുനഃപരിശോധന ഹര്‍ജികളിലെ തീരുമാനം നോക്കി മതി അത്തരം നീക്കങ്ങളെന്നാണ് ഇപ്പോൾ കേന്ദ്ര നിലപാട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. അയോദ്ധ്യ കേസിലെ വിധി കൂടി എഴുതേണ്ട സാഹചര്യത്തിൽ നവംബറിന് മുമ്പ് ശബരിമല വിധി പ്രതീക്ഷിക്കാം. പുനഃപരിശോധ ഹര്‍ജികൾ തള്ളിയാൽ വിധി നടപ്പാക്കുക എന്ന വലിയ വെല്ലുവിളിയാകും വീണ്ടും സര്‍ക്കാരിന്. ഹര്‍ജികൾ അംഗീകരിച്ചാൽ പഴയ നിലപാട് തന്നെയാകുമോ സര്‍ക്കാരിന് എന്നതും ചോദ്യമാണ്. ഒരുകാര്യം ഉറപ്പാണ് വിധി എന്തായാലും ശബരിമലയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here