മഹാരാഷ്ട്രയില്‍ അവസാനവട്ട കണക്കെടുപ്പ് തുടങ്ങി; തങ്ങള്‍ക്കൊപ്പം എത്രപേരുണ്ടെന്നു വ്യക്തമാക്കി മുന്നണികള്‍

0
199

മുംബൈ: (www.mediavisionnews.in) സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണക്കുകളില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും. തങ്ങള്‍ക്കൊപ്പം ഇപ്പോള്‍ 165 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് ശിവസേനാ എം.പി സഞ്ജയ് റാവത്തിന്റെ അവകാശവാദം. 145 ആണ് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ.

അജിത് പവാറിനൊപ്പം ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ പോയവരില്‍ 51 എം.എല്‍.എമാര്‍ തിരിച്ചെത്തിയെന്ന് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും വ്യക്തമാക്കിയിട്ടുണ്ട്. അജിത് പവാര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും പാട്ടീല്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 170 എം.എല്‍.എമാരുടെ പിന്തുണയാണ് ബി.ജെ.പി നേതാവ് ആശിഷ് ഷെലാര്‍ അവകാശപ്പെടുന്നത്. തങ്ങള്‍ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞതായി എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രാ നിയമസഭയില്‍ 288 അംഗങ്ങളാണുള്ളത്.

നവംബര്‍ 30 വരെയാണു ഭൂരിപക്ഷം തെളിയിക്കാനുള്ള സമയമായി ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ബി.ജെ.പി-അജിത് പവാര്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ളത്.

അതിനിടെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ അല്‍പ്പസമയത്തിനകം സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തുടങ്ങും.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.

അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.

എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തങ്ങള്‍ക്ക് അഭിഭാഷകര്‍ വേണോ എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരില്‍ച്ചെന്നു കണ്ടു. ഗവര്‍ണര്‍മാരുടെ സമ്മേളനത്തിനായാണ് അദ്ദേഹം ദല്‍ഹിയില്‍ ചെന്നതെങ്കിലും ഇന്നു രാവിലെ രാഷ്ട്രപതിയെ വീട്ടില്‍ച്ചെന്നു കാണുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here