ന്യൂദല്‍ഹി: (www.mediavisionnews.in) ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ വിധി ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. കേസില്‍ അന്തിമ വിധി സുപ്രീംകോടതി അടുത്തയാഴ്ച പുറപ്പെടുവിക്കും.
അടുത്ത ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിവസങ്ങള്‍. ഈ ദിവസങ്ങളിലാണ് ബാബരി ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പറയുക. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകൾക്ക് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിന് പുറമെ ഉത്തര്‍പ്രദേശിലും തര്‍ക്കഭൂമി നിലനില്‍ക്കുന്ന അയോധ്യയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം 40 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് ഉത്തര്‍പ്രദേശില്‍ മാത്രമായി കേന്ദ്രം വിന്യസിച്ചിട്ടുള്ളത്. വിധി വന്ന ശേഷം രാജ്യത്ത് ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ സര്‍വ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വിധി എന്തായാലും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് വിവിധ മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക