മുംബൈ: (www.mediavisionnews.in) എന്‍.സി.പി നേതാവ് അജിത് പവാറിനൊപ്പം ബി.ജെ.പിയിലേക്ക് പോയ 53 എന്‍.സി.പി എം.എല്‍.എമാരും തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതായി സൂചന. ഇതോടെ അജിത് പവാര്‍ പൂര്‍ണമായും ഒറ്റപ്പെടുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ എന്‍.സി.പിയെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്.
ആകെ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. ബാക്കി നില്‍ക്കുന്ന മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിലെ എം.എല്‍.എയായ അന്ന ബോസ്ദെ കൂടി അധികം വൈകാതെ തങ്ങളോടൊപ്പം ചേരും എന്നാണ് എന്‍.സി.പി പറയുന്നത്. ഇതോടെ ബി.ജെ.പി പക്ഷത്ത് അജിത് പവാര്‍ മാത്രമായിരിക്കും എന്‍.സി.പി എം.എല്‍.എയായി അവശേഷിക്കുക. ബി.ജെ.പിയോടൊപ്പം പോയ തങ്ങളുടെ എല്ലാ എം.എല്‍.എമാരും ഇന്നലെ വൈകുന്നേരത്തോടെ തിരികെ എത്തുമെന്ന് എന്‍.സി.പി പറഞ്ഞിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ത്രികക്ഷികള്‍ നല്‍കിയ കേസിന്റെ കാര്യത്തില്‍ ഇന്ന് 10:30ക്ക് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിലൂടെ നിയമസഭയില്‍ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ 24 മണിക്കൂറിന്റെ കൂടി സാവകാശമാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേസ് മാറ്റി വച്ചതിലൂടെ എന്‍.സി.പി – കോണ്‍ഗ്രസ് – ശിവസേന സഖ്യത്തിന് വ്യക്തമായ തിരിച്ചടിയും ലഭിച്ചിരിക്കുകയാണ്. ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നതാണ് സഖ്യത്തിനെ തളര്‍ത്തുന്നത്. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടു കത്തുകളും നാളെ ഹാജരാക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതിലൊന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്താണ്. രണ്ടാമത്തേത് അജിത് പവാര്‍ നല്‍കിയതും. ഇവ ശരിയായ കത്തുകള്‍ തന്നെയാണോ എന്നും രണ്ട് കക്ഷികള്‍ക്കും ഭൂരിപക്ഷമുണ്ട് എന്ന് ഗവര്‍ണര്‍ക്ക് ബോധ്യമായോ എന്നും കോടതി പരിശോധിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിന് ഏത് തരത്തിലുള്ള ഉത്തരവാണ് ഗവര്‍ണര്‍ നല്‍കിയതെന്നും കോടതി പരിശോധിക്കും.ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നും സുപ്രീം കോടതിക്ക് പരിശോധിക്കേണ്ടതായുണ്ട്. കോടതിയില്‍ നിന്നും അനുകൂല വിധി വന്നിട്ടില്ലെങ്കിലും എം.എല്‍.എമാര്‍ തിരികെ എത്തിയതിനാല്‍ എന്‍.സി.പി ക്യാമ്ബ് ആശ്വാസത്തിലാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക