നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

0
186

ദില്ലി: (www.mediavisionnews.in) സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞു. മൂന്ന് പേര്‍ക്കും ഇനി സിആര്‍പിഎഫ് സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക.

എസ്പിജി സുരക്ഷ പിന്‍വലിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഗാന്ധി കുടുംബത്തെ അറിയിച്ചു. ഇവരുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുക്കുന്ന മുറയ്ക്ക് എസ്പിജി അംഗങ്ങളെ പിന്‍വലിക്കും. എസ്പിജി സുരക്ഷ പിന്‍വലിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. 

അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുപേര്‍ക്കും നല്‍കിയിട്ടുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസ്സം നില്‍ക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍. അതേസമയം ഇനിമുതല്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും എസ്പിജി സുരക്ഷ നേരത്തെ പിന്‍വലിച്ചിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിക്ക് അദ്ദേഹം മരിക്കുന്നതുവരെ എസ്.പി.ജി സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 1985ലാണ് എസ്പിജി എന്ന സുരക്ഷാ സംവിധാനം രൂപപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ് പുലികളാല്‍ കൊലപ്പട്ടതോടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തു.

എന്നാല്‍ 2003ല്‍ എ.ബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 10 വര്‍ഷം എന്നത് ഒരുവര്‍ഷമായി വെട്ടിക്കുറച്ചു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന കാലം വരെയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ എന്ന രീതിയിലായിരുന്നു ഭേദഗതി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here