ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച പ്രജ്ഞാ സിങ്ങിനെതിരെ കടുത്ത നടപടികളുമായി ബി.ജെ.പി; പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്ന് നഡ്ഡ

0
182

ന്യൂദല്‍ഹി: (www.mediavisionnews.in) നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെതിരെ നടപടിയുമായി പാര്‍ട്ടി. പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

പ്രസ്താവന അപലപനീയമാണെന്നും അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി.

ഇന്നലെ ലോക്‌സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രജ്ഞ വിവാദ പ്രസ്താവന നടത്തിയത്. ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു.

ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്‌സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തു. അതേസമയം പ്രജ്ഞയെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ശ്രമം.

നേരത്തെയും ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ.

അന്ന് ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രജ്ഞയെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും മോദിക്ക് പറയേണ്ടിവന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here