തൃശ്ശൂര്‍ (www.mediavisionnews.in): ഗൂഗിള്‍ പേ വഴി അയച്ച തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്ന് പരാതി പറഞ്ഞ യുവാവിന്‍റെ രണ്ട് അക്കൗണ്ടുകള്‍ കാലിയാക്കി തട്ടിപ്പ്. തൃശ്ശൂര്‍ പുതുക്കാട് വരാക്കര വട്ടണാത്ര സ്വദേശി ഡിക്ലസിനാണ് രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിന്നായി 35,000 രൂപ നഷ്ടപ്പെട്ടത്. നവംബര്‍ 23നാണ് ഇത് സംബന്ധിച്ച സംഭവം അരങ്ങേറുന്നത്. തന്‍റെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഡിക്ലസ് 8000 രൂപ അയച്ചു.
എന്നാല്‍ പണം അക്കൗണ്ടില്‍ എത്തിയില്ല. ഇതോടെ ഗൂഗിളില്‍ കയറി ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ എന്ന് കാണിച്ച നമ്പറില്‍ വിളിച്ചു. ഇതില്‍ നിന്നും ലഭിച്ച പ്രതികരണം എന്ന നിലയില്‍ ഈ നമ്പറില്‍ നിന്നും ഒരു ലിങ്ക് ഡിക്ലസിന് അയച്ചു നല്‍കി. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പ്രശ്നം പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തതോടെ തന്‍റെ രണ്ട് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി എന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ ഇയാള്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം ലഖ്നൗവില്‍ ഭക്ഷണ വിതരണ ആപ്പിന്‍റെ പേരില്‍ യുവാവിനെ പറ്റിച്ചിരുന്നു. അവിടെ സംഭവിച്ചത് ഇങ്ങനെയാണ്, ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോള്‍, ഭക്ഷണവിതരണ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളോട് പരാതിപ്പെടാന്‍ തീരുമാനിച്ചു.
തുടര്‍ന്ന്, ഇന്റര്‍നെറ്റിലെ ആപ്പിന്‍റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് കണ്ടെത്തി ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ എടുത്തു. തുടര്‍ന്ന്, ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് എക്‌സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്‍റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഇതിനിടെ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിച്ച ഉപഭോക്താവിനോട് ഡെലിവറി എക്‌സിക്യൂട്ടീവ് അപ്ലിക്കേഷനില്‍ ഒടിപി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കിയ ഉടന്‍ അദ്ദേഹത്തിന് തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4 ലക്ഷം രൂപ കുറഞ്ഞതായുള്ള സന്ദേശം ലഭിച്ചു. പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല.
ഇത്തരത്തിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍വച്ചുള്ള തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാകുകയാണ് ഇതിനാല്‍ തന്നെ പ്രധാനപ്പെട്ട മുന്‍കരുതലുകള്‍ ഉപയോക്താവ് എടുക്കേണ്ടതാണ്. ആപ്പുകളിലെ സേവനങ്ങളില്‍ പ്രശ്നമുണ്ടെങ്കില്‍ ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിച്ച് അതില്‍ ബന്ധപ്പെടുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങൾക്ക് പ്രത്യേക കസ്റ്റമര്‍ കെയര്‍ നമ്പറില്ല എന്നത് ഒര്‍ക്കുക.
ആപ് വഴിയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയും ഇവരുമായി ബന്ധപ്പെടാം. തട്ടിപ്പിനിരയായാൽ ഒരു നിമിഷംപോലും പാഴാക്കാതെ ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനിലോ ക്രൈം സ്റ്റോപ്പർ നമ്പറായ 1090 എന്നിവയില്‍ വിവരം അറിയിക്കാം. പൊലീസിൽ നിന്നു ലഭിക്കുന്ന ഇമെയിൽ വിലാസത്തിൽ കാർഡ് നമ്പർ, ട്രാൻസാക്‌ഷൻ നമ്പർ, മോഷ്ടിക്കപ്പെട്ട തുക എന്നിവ മെയിൽ ആയി അയയ്ക്കാം. ബാങ്കിൽ നിന്നു ലഭിക്കുന്ന എസ്എംഎസില്‍ നിന്നും വിവരങ്ങള്‍ പൊലീസിന് കൈമാറാം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക