ന്യൂദല്‍ഹി: (www.mediavisionnews.in) കള്ളപണത്തിനെതിരായ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം വൻ തിരിച്ചടിയായി മാറിയ കാഴ്ചയാണ് മൂന്ന് വർഷത്തിനിപ്പുറം കാണാനാകുന്നത്. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നും നോട്ട് നിരോധനമാണ്. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നടുക്കിയ ആ പ്രഖ്യാപനത്തിന് ഇന്ന് മൂന്നാണ്ട്.
നോട്ട് നിരോധനത്തിന് തുടക്കത്തിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കള്ളപണവും, കള്ളനോട്ടും, ഭീകരവാദവും ഇല്ലായ്മ ചെയ്യാൻ തീരുമാനത്തിന് കഴിയുമെന്നായിരുന്നു മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ മൂന്ന് വർഷത്തിനിപ്പുറം നോട്ട് നിരോധനമെന്നത് സർക്കാരിന്റെ വലിയ പിഴവായിരുന്നു എന്ന് തെളിയുന്നു. നോട്ട് നിരോധനത്തിന്റെ പ്രത്യഘാതം ഏറ്റവും കൂടുതൽ എറ്റ് വാങ്ങേണ്ടി വന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കാണ്. പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ പല കമ്പനികളും അടച്ചുപൂട്ടി. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി.
ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പല കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നോട്ട് നിരോധനമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളിൽ 99.3% നോട്ടുകളും തിരികെ എത്തിയതായി റിസർവ് ബാങ്ക് പിന്നീട് വ്യക്തമാക്കി. 2016 നവംബറിനും 2019 സെപ്റ്റംബറിനും ഇടയിൽ കറൻസിയുടെ ഉപയോഗം 133% കൂടിയതായും കണക്കുകൾ പറയുന്നു. ഒപ്പം ബാങ്ക് നിക്ഷേപങ്ങളിലും വൻ ഇടിവുണ്ടായി. പ്രഖ്യാപനത്തിനു പിന്നാലെ പല വേദികളിലും നോട്ടുനിരോധനം സർക്കാരിന്‍റെ സുപ്രധാന നേട്ടമായി എടുത്തു പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ബിജെപിയോ മോദി സർക്കാരോ നോട്ട് നിരോധനത്തെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടും വൈകാതെ പിൻവലിക്കപ്പെടുമെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക