ന്യൂദല്‍ഹി: (www.mediavisionnews.in) ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളിക്ക് കടുത്ത ക്ഷാമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആകാശം തൊട്ട ഉള്ളി വില വര്‍ധന സംസ്ഥാനത്തും പ്രതിഫലിച്ചു. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് കിലോക്ക് 200 രൂപയിലെത്തുമ്പോള്‍ ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയാണ് ശരാശരി വില. ഉള്ളിയുടെ ഗുണനിലവാരവും വിലയില്‍ കാര്യമായി മാറ്റത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞമാസം 50 രൂപയിലുണ്ടായിരുന്ന സവാള വിലയാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 രൂപയോളം കൂടിയത്. സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സപ്ലൈക്കോ വഴി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിച്ചിരുന്നില്ല. പുതിയ വില വര്‍ധന ഹോട്ടല്‍ മേഖലക്കും വലിയ ഇരുട്ടടിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക