തിരുവനന്തപുരം: (www.mediavisionnews.in) തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വിഞ്ജാപനം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്ത മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും ‘അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിൽ അറബി അധ്യാപകന്റെ വേക്കൻസിയുമുണ്ട്. ഇക്കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്‍റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുന്‍ ഡിജിപി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
അമ്പലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അധ്യാപകനുള്ള അപേക്ഷയാണ്. അത് കൃത്യമായി ആ വിജ്ഞാപനത്തിൽ എഴുതിയിട്ടുണ്ട്. സ്‌കൂളുകളിൽ എല്ലാ ഭാഷയും പഠിപ്പിക്കും.. അറബി പഠിപ്പിക്കാൻ അറബി യോഗ്യതയുള്ള അധ്യാപകർ വേണം. സംസ്കൃതം പഠിക്കാൻ പാടില്ലെന്ന് അതിൽ എവിടെയും ഇല്ല’- സെന്‍കുമാറിന്‍റെ പോസ്റ്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി. ഒരു മുന്‍ ഡിജിപി തന്‍റെ വേരിഫൈഡ് പേജിലൂടെ കള്ളം പ്രചരിപ്പിക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക