ന്യൂദല്‍ഹി: (www.mediavisionnews.in) അയോധ്യ കേസിലെ വിധി വരുന്നതിനു മുന്നോടിയായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ നിയമിച്ചു. ഫൈസാബാദ് പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വോളണ്ടിയര്‍മാരെ നിയമിച്ചിരിക്കുന്നത്.
കൂടാതെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ വേറേയും നിയമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആശിഷ് തിവാരി പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നു വിരമിക്കുന്നതിനു മുന്നോടിയായി അയോധ്യ കേസില്‍ വിധി പ്രസ്താവമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാമ ഭൂമിക്കുവേണ്ടി പ്രകടനം വിളിക്കാനോ, വിഗ്രഹങ്ങള്‍ സ്ഥാപിക്കാനോ, ദൈവങ്ങളെ അധിക്ഷേപിക്കാനോ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 28 വരെ ഈ ഉത്തരവ് നിലനില്‍ക്കും.
ഭീകരാക്രമണങ്ങള്‍, സാമുദായിക കലാപങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നേരിടാന്‍ പൊലീസ് സജ്ജരാണെന്നും ആശിഷ് തിവാരി പറഞ്ഞു. കൂടാതെ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടി നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ടെന്നും ആശിഷ് തിവാരി പറഞ്ഞു.
‘നാലു സുരക്ഷാ മേഖലകളാണ് അയോധ്യയില്‍ ഉണ്ടാകുക. ചുവപ്പ്, മഞ്ഞ, പച്ച, നീല. ഇതില്‍ ചുവപ്പ്, മഞ്ഞ മേഖലകളുടെ നിയന്ത്രണം സൈനികര്‍ക്കും പച്ച, നീല മേഖലകളുടെ നിയന്ത്രണം പൊലീസുകാര്‍ക്കുമാണ്. 700 സര്‍ക്കാര്‍ സ്‌കൂളുകളും 50 എയ്ഡഡ് സ്‌കൂളുകളും 25 സി.ബി.എസ്.ഇ സ്‌കൂളുകളുമാണ് സുരക്ഷാ സേനയുടെ താമസത്തിന് വേണ്ടി ഒരുക്കുക.’- ആശിഷ് തിവാരി പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക