അയോധ്യ വിധി കാത്ത് ഇന്ത്യ; അർദ്ധസൈനിക വിഭാഗം വേണമെന്ന് മുസ്ലിം സംഘടനകൾ, അമിതാവേശം പാടില്ലെന്ന് ആർഎസ്എസ്

0
198

ദില്ലി: (www.mediavisionnews.in) തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വിധിക്ക് മുന്നോടിയായി അർദ്ധസൈനിക വിഭാഗത്തെ അയോധ്യയിൽ നിയോഗിക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. വിധി എന്തായാലും അമിതാവേശം പാടില്ലെന്ന് സംഘപരിവാർ സംഘടനകൾക്ക് ആർഎസ്എസ് മുന്നറിയിപ്പ് നല്‍കി.

അയോധ്യ വിധി എന്തെന്ന് അടുത്ത രണ്ടാഴ്ചയിൽ വ്യക്തമാകും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന ഈ മാസം പതിനേഴിന് മുമ്പ് വിധി പ്രസ്താവം നടക്കും. അയോധ്യയിൽ ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിൽ പൊലീസ് സാന്നിധ്യം കൂട്ടി. എന്നാൽ, അർദ്ധ സൈനിക വിഭാഗത്തിന്‍റെ സുരക്ഷ അനുവദിക്കണം എന്ന് ജമാ അത്ത് ഉലമ ഫൈസാബാദ് പൊലീസ് എസ്പിയേയും ജില്ലാ മജിസ്ട്രേറ്റിനെയും കണ്ടാവശ്യപ്പെട്ടു. സുരക്ഷാനടപടികളിൽ ഒരു വീഴ്ചയും ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയെന്ന് ജമാഅത്ത് ഉലമ നേതാക്കൾ അറിയിച്ചു.

നിലവിൽ ചില മേഖലകളിൽ അർദ്ധസൈനിക വിഭാഗത്തിന്‍റെയും നിരീക്ഷണമുണ്ട്. വിധിക്ക് മുന്നോടിയായി കൂടുതൽ മേഖലകളിൽ നിയോഗിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്തു. പ്രകോപനപരമായ പ്രസ്താവന പാടില്ലെന്ന് ആദിത്യനാഥ് മന്ത്രിമാർക്ക് നിർദ്ദേശം നല്‍കി. ദില്ലിയിൽ വർക്കിംഗ് പ്രസിഡൻറ് ജെപി നഡ്ഡ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

അയോധ്യ വിധി അനുകൂലമായാലും പ്രതികൂലമായാലും അമിതാവേശം പാടില്ലെന്നാണ് ആർഎസ്എസ് നിലപാട്. ഇതുസംബന്ധിച്ച് സംഘപരിവാർ സംഘടനകൾക്ക് ആർഎസ്എസ് നിർദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുകയാണ്. അയോധ്യ, ശബരിമല, റഫാൽ, പണബിൽ തുടങ്ങി പല പ്രധാനപ്പെട്ട കേസുകളിലെയും വിധി പ്രസ്താവത്തിനാണ് അടുത്ത രണ്ടാഴ്ച സുപ്രീംകോടതി തയ്യാറെടുക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here