അയോധ്യ: തർക്ക ഭൂമി ഹിന്ദുക്കൾക്ക്, പകരം മുസ്‌ലിംകൾക്ക് 5 ഏക്കർ ഭൂമി

0
221

ന്യൂഡല്‍ഹി: (www.mediavisionnews.in) ബാബരി ഭൂമി കേസില്‍ വിധി പ്രസ്താവം തുടങ്ങി. രാമജന്‍മഭൂമിയെന്നത് നിയമ പരിധിയില്‍ വരുന്ന പ്രശ്നമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അയോധ്യയില്‍ പള്ളി നിര്‍‌മ്മിച്ചത് മീര്‍ ബാഖിയാണ്. ഇതു സംബന്ധിച്ച അലഹാബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയാണ്. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. പള്ളി രാമജന്‍മ സ്ഥലത്താണെന്നത് തര്‍ക്ക വിഷയമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല.

വിധിപ്രസ്താവം അരമണിക്കൂര്‍ നീളുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഞ്ച് ജഡ്ജിമാരും പ്രത്യേകം വിധി പറയും.

വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടു. അപ്പീലുകളില്‍ 2011ല്‍ വാദം തുടങ്ങി. 2018 മാര്‍ച്ച് 8ന് മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, ജെ ഖലീഫുല്ല, ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങി. ഇത് ഒക്ടോബര്‍ 16ന് തീര്‍ന്നു.

വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലും തര്‍ക്കഭൂമി നിലനില്‍ക്കുന്ന അയോധ്യയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം 40 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് ഉത്തര്‍പ്രദേശില്‍ മാത്രമായി കേന്ദ്രം വിന്യസിച്ചിട്ടുള്ളത്. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ‌വിധി എന്തായാലും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് വിവിധ മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here