‘അതു തെറ്റായിപ്പോയി, മാപ്പ് ചോദിക്കുന്നു’; ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് ജി.എഫ്.പി അധ്യക്ഷന്‍

0
169

പനാജി (www.mediavisionnews.in):മനോഹര്‍ പരീക്കര്‍ക്കു ശേഷവും ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ചതിനു മാപ്പു ചോദിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) അധ്യക്ഷന്‍ വിജയ് സര്‍ദേശായി. ജൂലൈയില്‍ ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിച്ചതിനുശേഷം മന്ത്രിസഭയില്‍ നിന്ന് സര്‍ദേശായി അടക്കമുള്ള മൂന്ന് മന്ത്രിമാരെ പുറത്താക്കിയിരുന്നു.

‘പരീക്കറിന്റെ മരണശേഷവും ബി.ജെ.പി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതൊരു വികാരഭരിതമായ സമയമാണ്. ഇതിനു ഞാന്‍ മാപ്പ് ചോദിക്കുകയാണ്.’- സര്‍ദേശായി ട്വീറ്റ് ചെയ്തു.

2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി.എഫ്.പിക്ക് ആകെ മൂന്ന് സീറ്റുകളാണു ലഭിച്ചത്. തുടര്‍ന്നു പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി അവര്‍ പിന്തുണ നല്‍കിയിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) മൂന്നു സ്വതന്ത്രരും പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പിന്തുണച്ചിരുന്നു.

ഈവര്‍ഷം മാര്‍ച്ച് 17-നാണ് പരീക്കര്‍ മരിക്കുന്നത്. തുടര്‍ന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുകയും ജി.എഫ്.പി പിന്തുണ തുടരുകയുമായിരുന്നു.

40 അംഗ നിയമസഭയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 30 പേരുടെ പരസ്യ പിന്തുണയാണുള്ളത്. എന്നാല്‍ ജി.എഫ്.പിയും ഒരംഗമുള്ള എം.ജി.പിയും അവരെ പുറത്തുനിന്നു പിന്തുണയ്ക്കുന്നുണ്ട്.

സര്‍ദേശായിയുടെ പുതിയ നീക്കത്തോടെ മൂന്നംഗങ്ങളുടെ കുറവുണ്ടാകുമെങ്കിലും സര്‍ക്കാരിനു കേവലഭൂരിപക്ഷം നഷ്ടപ്പെടില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here