25 ശിവസേന എംഎല്‍എമാര്‍ ബിജെപി ക്യാംപിലേക്ക്?; മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കങ്ങള്‍ ; എംഎല്‍എമാരുടെ യോഗം വിളിച്ച്‌ ഉദ്ധവ് താക്കറെ

0
195

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. തങ്ങളുടെ എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആരോപണം ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയെ ഉണ്ടാകണമെന്നാണ് എന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

ശിവസേനയുടെ പുതിയ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച്‌ ചാക്കിടാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നു. നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച്‌ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

മൂല്യങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയം ശിവസേന ഒരിക്കലും അനുവദിക്കില്ലെന്നും സാമ്‌നയുടെ മുഖപ്രസംഗത്തിലുണ്ട്. അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും അടുത്ത നടപടികളും ചര്‍ച്ച ചെയ്യാന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. യോഗത്തിന് ശേഷം എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. 25 ഓളം സേന എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര എംഎല്‍എ രവിറാണയെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ ബിജെപി നേതൃത്വം സര്‍ക്കാര്‍ രൂപീകരണശ്രമവുമായി മുന്നോട്ടുപോകുകയാണ്. ബിജെപി നേതൃത്വം ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നാണ് സൂചന. അടുത്ത ദിവസം തന്നെ നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുന്‍ഗാതിവാര്‍ പ്രസ്താവിച്ചിരുന്നു.

രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിപദം വിട്ടുനല്‍കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്. രണ്ടുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ശ്രമം നടത്തിയെങ്കിലും എന്‍സിപി താല്‍പ്പര്യം കാണിച്ചില്ല. തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും, ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല എന്നതാണ് ബിജെപിയെ കുഴയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് ദേവേന്ദ്രഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here