കോഴിക്കോട്: (www.mediavisionnews.in) സ്ത്രീകള്‍ക്കു പള്ളിപ്രവേശനം അനുവദിക്കാമെന്ന നിലപാടുമായി മുജാഹിദ് വിഭാഗവും അനുവദിക്കരുതെന്ന് ആവര്‍ത്തിച്ചു സുന്നി വിഭാഗവും സുപ്രീം കോടതിയിലേക്ക്. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാമെന്നാണ് നിലപാടെങ്കിലും ശബരിമലയുമായി ബന്ധിപ്പിച്ചത് ആശങ്കയുണ്ടാക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി പ്രതികരിച്ചു.
മുജാഹിദ് പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്നും തുടര്‍ന്നും അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണ്ടെന്ന നിലപാട് പരിഗണിച്ചു വേണം മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയെ സമീപിക്കാനെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു.
സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനമാകാമെന്നാണ് ജമാഅത്തെ ഇസ്ലാമി നിലപാടെന്ന് അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. മുസ്ലിം വ്യക്തിനിയമബോര്‍ഡിനെ ഇക്കാര്യം അറിയിക്കും. പള്ളിപ്രവേശത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിനിയമ ബോര്‍ഡ് എടുക്കുന്ന പൊതുനിലപാടിനൊപ്പം നില്‍ക്കും. ശബരിമല വിഷയത്തില്‍ മുസ്ലിം പള്ളിപ്രവേശനവും ഉള്‍പ്പെടുത്തിയ സുപ്രീം കോടതിയുടെ നീക്കം അശങ്കയുണ്ടാക്കുന്നതാണെന്നും ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.
മുജാഹിദ് പള്ളികളില്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ട്. സുന്നി വിഭാഗം അത് അംഗീകരിക്കുന്നുമില്ല. എല്ലാ പള്ളികളിലും ഒരേ ചിട്ടകള്‍ക്കുള്ള നീക്കത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് മുസ്ലിം സംഘടനകളുടെ തീരുമാനം. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആദ്യം വ്യത്യസ്ത നിലപാടുകളെടുത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ ഒരുമിച്ചെതിര്‍ത്തിരുന്നു. കൂടുതല്‍ വൈകാരികമായ സ്ത്രീ പള്ളിപ്രവേശന വിഷയത്തില്‍ സമാനമായ ഏകോപനമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക