മുംബൈ (www.mediavisionnews.in) :അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അകൗണ്ട് വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. അര്‍ജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണെന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടില്‍ നിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സച്ചിന്‍ പറയുന്നു.
ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയോട് അപേക്ഷിക്കുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് അപ്പോള്‍ തന്നെ അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസങ്ങളിലാണ് അര്‍ജുന്റെ പേരില്‍ ‘ഒഫീഷ്യല്‍’ എന്ന് ആമുഖമായി കുറിച്ചിരിക്കുന്ന അക്കൗണ്ട് ശ്രദ്ധിക്കപ്പെട്ടത്. ‘ഇടംകയ്യന്‍ മീഡിയം പേസര്‍, ദൈവത്തിന്റെ മകന്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2018 ജൂണ്‍ മുതല്‍ അക്കൗണ്ട് ഉപയോഗത്തിലുമുണ്ട്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ ചിത്രം തന്നെയാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരുന്നത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിഖ്യാതമായ ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് നിന്നെടുത്ത ചിത്രമായിരുന്നു കവര്‍ പിക്ചര്‍.
മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ വ്യാജ അകൗണ്ടില്‍ നിന്നും ട്വീറ്റും പുറത്ത് വന്നിരുന്നു. ഈ കുറിപ്പ് ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. ചീഫ് സെലക്ടറെ പേരിടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.
പിന്നാലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനും ‘ട്വിറ്ററിലെ അര്‍ജുന്‍’ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് ഗദ്യന്തരമില്ലാതെ മകന് വേണ്ടി സച്ചിന്‍ തന്നെ രംഗത്തെത്തിയത്. ‘എന്റെ മകന്‍ അര്‍ജുനും മകള്‍ സാറയ്ക്കും ട്വിറ്റര്‍ അക്കൗണ്ട് ഇല്ല എന്ന കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അര്‍ജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടില്‍നിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയോട് അപേക്ഷിക്കുന്നു.’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക