ഉപ്പള: പി.ഡി.പിയിൽ നിന്നും രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന യുവാവ് രണ്ട് നാൾ കഴിഞ്ഞ് വീണ്ടും പി.ഡി.പിയിലെത്തി. ഒടുവിൽ രാജിവെച്ചെന്നും പി.ഡി.പിയിൽ പുറത്താക്കിയെന്നുമുള്ള പരസ്പര പോർവിളികൾ. സജീവ പി.ഡി.പി പ്രവർത്തകൻ ഉപ്പള ബേക്കൂറിലെ മൻസൂറാണ് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന് ദിവസങ്ങൾക്കകം വീണ്ടും പി.ഡി.പിയിലെത്തിയത്.
ആദ്യം രാജിവെച്ചതോടെ സാമ്പത്തിക തിരിമറിയുടെ പേരിൽ പുറത്താക്കിയെന്ന വാർത്താ കുറിപ്പാണ് പി.ഡി.പി ഇറക്കിയത്. അതോടെ മൻസൂർ മുസ്ലിം ലീഗ് പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുകയും ഉടൻ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി.എ മൂസ തന്നെ മൻസൂറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച് ഷാൾ അണിയിച്ചെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തി മണിക്കൂറുകൾക്കകം ലീഗിൽ നിന്നും മാറി വീണ്ടും പി.ഡി.പിയിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.
ഈ വിചിത്രമായ സംഭവം ഏറെ ചർച്ചയായതോടെ ഒടുവിൽ താൻ ഒരു രാഷ്ടീയപാർട്ടിയിലുമില്ലെന്ന് പറഞ്ഞ് മൻസൂർ തടിയൂരുകയും ചെയ്തു. ഏതായാലും തുളുനാടൻ രാഷട്രീയത്തിലെ കൗതുകരമായ സംഭവത്തെ സമൂഹമാധ്യമങ്ങളിലെ ട്രോളർമാർ ഒന്നടങ്കം ആഘോഷമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാവാതെ അദ്ദേഹവും ഇരു പാർട്ടി നേതൃത്വവും കുഴങ്ങിയിരിക്കുകയാണ്.