രമ്യാ ഹരിദാസ് എം.പിക്ക് നേരെ ലോക്‌സഭയില്‍ കയ്യേറ്റശ്രമം; ടി.എന്‍ പ്രതാപനേയും ഹൈബി ഈഡനേയും സഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി

0
219

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് എം.പി രമ്യാ ഹരിദാസിന് നേരെ ലോക്‌സഭയില്‍ കയ്യേറ്റശ്രമം. ലോക്‌സഭയിലെ പുരുഷ മാര്‍ഷലുമാര്‍ രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു. മഹാരാഷ്ട്ര പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതിമണിക്ക് നേരേയും കയ്യേറ്റമുണ്ടായി. ബാനറുയര്‍ത്തി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍ പ്രതാപനേയും ഹൈബി ഈടനേയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

കയ്യേറ്റം ചെയ്ത സഭവത്തില്‍ രമ്യാ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

ജനാധിപത്യത്തെ കൊലചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ഹൈബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധിച്ചത്. ഇവരോട് ബാനര്‍ നീക്കംചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതോടെ ഇവരെ പുറത്താക്കാന്‍ മാര്‍ഷല്‍മാരോട് ആവശ്യപ്പെട്ടു.

ഇതോടെ മാര്‍ഷല്‍മാരും എം.പിമാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് രമ്യാ ഹരിദാസ് ഉള്‍പ്പെടെയുള്ള വനിതാ എം.പിമാരെ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തത്.

തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്‌തെന്നും വനിതാ ഉദ്യോഗസ്ഥരൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും ജ്യോതി മണിയും രമ്യാ ഹരിദാസും പ്രതികരിച്ചു.

വിഷയത്തില്‍ ചില ബി.ജെ.പി എം.പിമാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി ചീഫ് വിപ്പ് സഞ്ജയ് ജയ്സ്വാള്‍ ഇവര്‍ക്ക് മുന്നില്‍ എത്തുകയും സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here