ന്യൂഡല്‍ഹി (www.mediavisionnews.in) മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന് നടത്തണമെന്നതില്‍ നാളെ വിധി പറയുമെന്ന് സുപ്രീം കോടതി.
ഇന്ന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാളെ പത്തരയ്ക്ക് ഉത്തരവ് നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു.
നിയസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നാണ് എന്നതിനെ സംബന്ധിച്ച് മാത്രമാണ് സുപ്രീം കോടതി നാളെ പറയുക.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടിരുന്നു.
രണ്ട് വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഇന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതിനിടെ കോടതിക്ക് മുന്‍പില്‍ ചില രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും റോത്തഗി പറഞ്ഞിരുന്നു.
140 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ എതിര്‍ സത്യവാങ്മൂലത്തിന് സമയം അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവര്‍ സത്യവാങ്മൂലം പിന്‍വലിച്ചു.
വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലം പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനാണ് എന്‍.സി.പി എന്ന് ഒരാള്‍ പറയുന്നത് ഞെട്ടിക്കുന്നതാണ്. കോടതി ഞെട്ടലോടെ ഈ അവകാശവാദം കേള്‍ക്കണം. കോടതിയുടെ മനസാക്ഷിയുടെ മുന്‍പില്‍ സത്യവാങ്മൂലം നല്‍കുന്നു. സത്യവാങ്മൂലം പിന്‍വലിക്കുകയാണ്’ സിങ്‌വി പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ കോടതി ഇടപെടണമെന്നും സിങ്‌വിയും സിബലും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്നോ നാളെയോ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിങ്‌വി പറഞ്ഞു.
ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടികളിലെ 148 എം.എല്‍.എമാരും ഏഴ് സ്വതന്ത്രരും ഒപ്പിട്ട സത്യവാങ്മൂലവുമാണ് സുപ്രീം കോടതിക്ക് മുന്‍പില്‍ വെച്ച് കപില്‍ സിബല്‍ സമര്‍പ്പിച്ചത്.
അജിത് പവാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു. എന്ത് ദേശീയ അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഉണ്ടായതെന്നും ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്നും സിബല്‍ പറഞ്ഞു.
അജിത് പവാര്‍ നല്‍കിയത് വ്യാജ കത്താണെന്നും ഞങ്ങളുടെ പക്കലുള്ളത് യഥാര്‍ത്ഥ സത്യവാങ്മൂലമാണെന്നും 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കണമെന്നും സിബല്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി വെറുതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോ ടേം സ്പീക്കറായി നിയമിച്ച് വോട്ടെടുപ്പ് നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക