പിൻസീറ്റുകാർക്ക് നാളെ മുതൽ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; തുടക്കത്തിൽ പിഴയില്ല

0
162

തിരുവനന്തപുരം: (www.mediavisionnews.in) ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഹെല്‍മെറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി.

കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേസമയം തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക കടകളിലും ഹെല്‍മറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്.

ഗുണനിലവാരമുള്ള ഹെല്‍മറ്റിനായി ഡല്‍ഹി, മുംബൈ നഗരങ്ങളെയാണ് കേരളത്തിലെ വ്യാപാരികളെ ആശ്രയിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ അവിടെ നിന്ന് കൂടുതല്‍ ഹെല്‍മറ്റുകളെത്തിയേക്കും. ദൗര്‍ലഭ്യത്തിനൊപ്പം വിലക്കയറ്റവും യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

നൂറ് മുതല്‍ ഇരുന്നൂറ് രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹെല്‍മറ്റുകള്‍ തയാറായിട്ടുമില്ല. അതിനാല്‍ പരിശോധന കര്‍ശനമാക്കിയാല്‍ പിഴയൊടുക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here