പിഴത്തുക കുറച്ചിട്ടും സര്‍ക്കാരിന് ലോട്ടറി, ഒരാഴ്‍ച കൊണ്ട് റോഡില്‍ നിന്നും കിട്ടിയത് കോടികള്‍!

0
212

തിരുവനന്തപുരം: (www.mediavisionnews.in) പുതുക്കിയ മോട്ടോര്‍ വാഹന നിയമം അടുത്തിടെയാണ് നിലവില്‍ വന്നത്. ഗതാഗതനിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് നിയമം മുന്നോട്ടുവച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയിരുന്നു.

എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ഒരാഴ്ച‍ കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി 66 ലക്ഷം രൂപയാണ് സംസ്ഥാനത്തു നിന്നുമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് പിരിച്ചെടുത്തത്. എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 26 വരെ പിഴ ഈടാക്കിയിട്ടില്ലെന്നും പിഴത്തുക കുറച്ച ശേഷമാണ് പിഴ ഈടാക്കി തുടങ്ങിയതെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുളള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. പാലക്കാട് നിന്നാണ് ഏറ്റവും കൂടുതൽ തുക പിരിച്ചത്. 5 ദിവസം കൊണ്ട് 1.23 കോടി.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്‍തിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here