നിയമസഭയുടെ ചരിത്രം പറയുന്ന ഹൃസ്വചിത്രത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കി; ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന് ലീഗ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

0
248

തിരുവനന്തപുരം: (www.mediavisionnews.in) നിയമസഭയുടെ ഭാഗമായുള സഭ ടീവിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നിയമസഭയുടെ ചരിത്രം പറയുന്ന ഹൃസ്വ ചിത്രത്തില്‍ നിയമസഭാ സ്പീക്കര്‍ പദവിയില്‍ പ്രശോഭിച്ച മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ ബഹിഷ്‌കരണം. പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീറിന്റെ നേതൃത്വത്തിലാണ് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്. പരിപാടിയുടെ ഭാഗമായി രാത്രി സംഘടിപ്പിച്ചിരുന്ന ഗസല്‍ സന്ധ്യയും അത്താഴവിരുന്നും മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചു.

കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യരെന്ന് ചരിത്രം ഓര്‍മിക്കുന്ന കെ എം സീതിസാഹിബ്, സി എച്ച് മുഹമ്മദ് കോയ എന്നിവരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഹൃസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇഎംഎസ് മുതല്‍ ഇ കെ നായനാര്‍ വരെയുള്ളവരെ അവതരിപ്പിച്ച ഹൃസ്വചിത്രത്തിലാണ് മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കി ചരിത്രം തിരുത്താന്‍ ശ്രമം നടന്നത്.

മുന്‍മുഖ്യമന്ത്രിമാരേയും മുന്‍ സ്പീക്കര്‍മാരെയുമാണ് നിയമസഭയുടെ ഹൃസ്വചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭാ സ്പീക്കറായിരിക്കെ മരണപ്പെട്ട കെ എം സീതിസാഹിബ്, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി തുടങ്ങിയ എല്ലാ പദവികളിലും സ്വന്തം പേര് അടയാളപ്പെടുത്തിയ സി എച്ച് മുഹമ്മദ് കോയ, സ്പീക്കര്‍ മാരായിരുന്ന കെ മൊയ്തീന്‍കുട്ടി ഹാജി, ചാക്കീരി അഹമ്മദ് കുട്ടി എന്നിവരെ പൂര്‍ണണായി ഒഴിവാക്കിയിരിക്കുകയാണ് ഹൃസ്വ ചിത്രത്തില്‍. സ്പീക്കറായിരിക്കെ മരണപ്പെട്ടവരുടെ പേരില്‍ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയപ്പോഴും കെ എം സീതിസാഹിബിനെ ഒഴിവാക്കി.

ചരിത്രത്തെ ഏകപക്ഷീയമായി തിരുത്തി എഴുതാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന്റെ പ്രതിഷേധം മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ.എം കെ മുനീര്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നേരിട്ട് കണ്ട് അറിയിച്ചു.

കേരളത്തിലെ ആദ്യനിയമസഭ മുതല്‍ വിവിധ ചുമതലകള്‍ വഹിക്കുന്ന മുസ്‌ലിം ലീഗിനെ പാടെ അവഗണിക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്ന് പത്രസമ്മേളനത്തില്‍ ഡോ.എം കെ മുനീര്‍ ചൂണ്ടിക്കാട്ടി. സ്പീക്കര്‍ ആയിരിക്കെ മരണപ്പെട്ട കെ എം സീതി സാഹിബിന്റെ പേരില്‍ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താതിരുന്നത് തികഞ്ഞ അനീതിയും പക്ഷപാതിത്വവുമാണ്. സി എച്ച് മുഹമ്മദ് കോയയെ പോലെ ഇത്രയേറെ പദവികള്‍ വഹിച്ച നേതാക്കള്‍ വേറെയുണ്ടാകില്ല. എന്നാല്‍ ലീഗ് നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയ നടപടി ചരിത്രത്തോടുള്ള അനീതിയാണെന്നും മുനീര്‍ പറഞ്ഞു. എംഎല്‍എമാരായ എം ഉമ്മര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here