തിരുവനന്തപുരം (www.mediavisionnews.in) : മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കേരളാ തീരത്ത് നിന്ന് പിൻവാങ്ങി. കേരളത്തിലും ലക്ഷദ്വീപിലും മഴ ജാഗ്രതകൾ പിൻവലിച്ചു. അതിതീവ്രമാകുന്ന മഹ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. കേരളാ തീരത്ത് മീൻപിടുത്തക്കാർക്കുള്ള നിരോധനം തുടരും.
ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്ന് 530 കിലോ മീറ്റർ അകലെയും ഗോവാ തീരത്ത് നിന്ന് 350 കിലോ മീറ്റർ അകലെയുമാണ് മഹ ഇപ്പോഴുള്ളത്. മഹയുടെ പ്രഭാവം കേരളത്തിലും ലക്ഷദ്വീപിലും ദുർബലമായി. ഗോവാ, മഹാരാഷ്ട്ര തീരത്താണ് ഇനി മഹയുടെ പ്രഭാവമുണ്ടാവുക. കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കാറ്റ് മുന്നറിയിപ്പ് ഇല്ലെങ്കിലും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 12 മണിക്കൂർ കൂടി കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ശനിയാഴ്ച വരെ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശമെങ്കിലും, ചെറിയ ദൂരത്തേക്ക് ചെറുവള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ഇറങ്ങി. മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ ലക്ഷദ്വീപ് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. മധ്യ കിഴക്കൻ അറബിക്കടലിലൂടെ ഗുജറാത്തിലെ വേരാവിലേക്കാണ് മഹ ഇപ്പോൾ നീങ്ങുന്നത്. അതിതീവ്രമാകുന്ന മഹയ്ക്ക് ഇന്ന് മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗമുണ്ടാകും. ബുധനാഴ്ചയോടെ മാത്രമേ മഹയുടെ ശക്തി കുറയൂ.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക