കാസർകോട് (www.mediavisionnews.in): കാസർകോട് ബേള വില്ലേജിലെ മാന്യയിൽ പുറമ്പോക്ക് കൈയേറി നിർമിച്ച സ്‌റ്റേഡിയം ഉൾപ്പെടെയുള്ള ഭൂമി സർക്കാർ കണ്ടുകെട്ടി. ഇക്കാര്യം വ്യക്തമാക്കിയുള്ള ബോർഡ് തിങ്കളാഴ്‌ച പകൽ ഒന്നോടെ ബേള വില്ലേജ് ഓഫീസർ എസ് കൃഷ്‌ണകുമാർ സ്‌റ്റേഡിയത്തിന് സമീപം സ്ഥാപിച്ചു. സർവേ നമ്പർ 560/2എഫ് ഒന്നിൽ ഉൾപ്പെടുന്ന 1.09 ഏക്കർ കൈയേറ്റ ഭൂമിയാണ് സർക്കാർ തിരിച്ചുപിടിച്ചത്.
പുറമ്പോക്ക് കൈയേറിയതിന് കെസിഎ, ഡിസിഎ ഭാരവാഹികൾക്കെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. ഭൂമി കൈയേറി നിർമിച്ചതിനാൽ സ്‌റ്റേഡിയത്തിലെ മത്സരം നിർത്തിവയ്‌ക്കാൻ വില്ലേജ് ഓഫീസർ നേരത്തെ ഉത്തരവിറക്കിയിരുന്നു. അപ്പോൾ ഇവിടെ നടന്നുവന്നിരുന്ന അണ്ടർ‐ 14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റ് പൂർത്തിയാക്കാനായി കെസിഎ ഭാരവാഹികൾ പത്തുദിവസത്തെ ഗ്രൗണ്ട് ഫീസായ 54,500 രൂപ പിഴയടച്ചിരുന്നു.
23ന് ഇതിന്റെ സമയപരിധിയും പൂർത്തിയായതോടെയാണ് ഭൂമി കണ്ടുകെട്ടിയുള്ള ബോർഡ് വില്ലേജ് ഓഫീസർ സ്ഥാപിച്ചത്. സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാന വഴി ഉൾപ്പെടെ സർക്കാർ പുറമ്പോക്കിലാണുള്ളത്. സ്‌റ്റേഡിയത്തിന് പുറത്തായി നിർമിച്ച കെട്ടിടങ്ങളും അനുബന്ധ പ്രവൃത്തികളും കലക്ടറുടെ നിർദേശാനുസരണം ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച മാധ്യമവാർത്തകൾ പുറത്തുവന്നപ്പോഴെല്ലാം കെസിഎയ്‌ക്ക് ഇതിൽ പങ്കില്ലെന്ന വാദമാണ് ഇതുവരെ ജില്ലാ‐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ സ്വീകരിച്ചിരുന്നത്.
താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ക്രിക്കറ്റ് അസോസിയേഷൻ കൈവശം വച്ചിട്ടുള്ള 1.09 ഏക്കർ സ്ഥലവും സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിഞ്ഞു. സ്‌റ്റേഡിയത്തിനുള്ളിലൂടെ ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തിയതിന് ബദിയടുക്ക പഞ്ചായത്തും നടപടിയുമായി മുന്നോട്ടുപോവുകയാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക