ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി; ചന്ദ്രയാന് എന്തു സംഭവിച്ചു?

0
174

ന്യൂഡൽഹി(www.mediavisionnews.in) :ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗതാ നിയന്ത്രണത്തിലുണ്ടായ തകരാറാണ് ചന്ദ്രയാൻ 2 പേടകത്തിനു തിരിച്ചടിയായതെന്ന് ഐഎസ്ആർഒ. ലാൻഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടർന്ന് സോഫ്റ്റ്‌ ലാൻഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നുവെന്നും ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ചന്ദ്രയാൻ 2വിന്റെ ഹാർഡ് ലാൻഡിങ്ങിനെപ്പറ്റി സർക്കാർ തലത്തിൽ ഔദ്യോഗിക വിശദീകരണമിറങ്ങിയത്.

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.4 കിലോമീറ്ററിലേക്കു വേഗത കുറച്ച് ഇറങ്ങുന്നതായിരുന്നു ആ ഘട്ടം. പേടകത്തിന്റെ വേഗത ആ സമയം സെക്കൻഡിൽ 1683 മീറ്ററിൽ നിന്ന് സെക്കൻഡിൽ 146 മീറ്റർ എന്ന നിലയിലേക്കു വിജയകരമായി താഴ്ത്തി.

എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രതീക്ഷിച്ച വേഗം കൈവരിക്കാൻ പേടകത്തിനായില്ല. മാത്രവുമല്ല, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വേഗത കൂടുകയും ചെയ്തു. അത് ലാൻഡിങ്ങിനു തൊട്ടു മുൻപുള്ള ഫൈൻ ബ്രേക്കിങ് ഘട്ടം ആരംഭിക്കുന്നതിനും തടസ്സമായി. അതോടെ നേരത്തേ നിശ്ചയിച്ച ലാൻഡിങ് മേഖലയുടെ 500 മീ. പരിധിയില്‍ ഒരിടത്ത് ചന്ദ്രയാനിലെ വിക്രം ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു. പേടകം ഇടിച്ചിറങ്ങിയ പ്രദേശത്തു നിന്നുള്ള വ്യക്തതയുള്ള ചിത്രങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

എന്നാൽ പേടകത്തിന്റെ മറ്റു ഘട്ടങ്ങളിലെ സാങ്കേതികതയെല്ലാം മികവോടെ പ്രവർത്തിച്ചതായി ജിതേന്ദ്ര സിങ് വ്യക്തമാക്കി. പേടകത്തിന്റെ ലോഞ്ചിങ്, ഭ്രമണ പഥം മാറ്റർ, ലാൻഡറിന്റെ വിട്ടുമാറൽ, വേഗത നിയന്ത്രിക്കാനുള്ള ഡീബൂസ്റ്റിങ് തുടങ്ങിയവയെല്ലാം വിജയകരമായിരുന്നു. ഇപ്പോഴും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്ന ഓർബിറ്ററിലെ എട്ട് ശാസ്ത്രീയ ഉപകരണങ്ങളും വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏഴു വർഷമാണ് ഓർബിറ്ററിന്റെ കാലാവധി.

ഓർബിറ്ററിൽ നിന്നുള്ള എല്ലാ ഡേറ്റയും വിശകലനത്തിനു ശാസ്ത്രസമൂഹത്തിനു കൈമാറുന്നുണ്ട്. ഈ ഡേറ്റ ഉപയോഗപ്പെടുത്തുന്ന വിദഗ്ധരുടെ അഖിലേന്ത്യ യോഗം അടുത്തിടെ ഡൽഹിയിൽ നടന്നു. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകം പറന്നുയർന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ 2ന് ഓര്‍ബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു. സെപ്റ്റംബർ 7നു പുലർച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പാളിയത് ‘വഴികാട്ടി’

സോഫ്റ്റ്‌വെയർ ചന്ദ്രയാൻ 2 അവസാനനിമിഷം പാളിപ്പോയതിനു കാരണം വിക്രം ലാൻഡറിനു വഴികാട്ടുന്ന സോഫ്‌റ്റ്‌വെയറിലെ തകരാറെന്നു ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരീക്ഷണഘട്ടങ്ങളിലൊന്നും ഗൈഡൻസ് സോഫ്റ്റ്‌വെയറിനു തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപരിതലത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങളാണു സോഫ്റ്റ്‌െവയർ തകരാറിലാക്കിയത്.

30 കിലോമീറ്റ‍ർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടുവെങ്കിലും തുടർന്നു ഫൈൻ ബ്രേക്കിങ് ഘട്ടത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. ലാൻഡറിന്റെ നടുക്കുള്ള ഒരു ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക. വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. എന്നാൽ, ഈ ഘട്ടത്തിൽ സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി.

ഇതു സംഭവിച്ചതു ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിലായിരുന്നുവെന്നും സമിതിയുടെ വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നു നിശ്ചിത ലാൻഡിങ് കേന്ദ്രത്തിൽ നിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങി. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റു.

ഇന്ത്യയുടെ ചന്ദ്രയാൻ 2 പേടകം ‘ഹാർഡ് ലാൻഡിങ്’ നടത്തിയതിനെ തുടർന്നാണ് അവസാന നിമിഷം ബന്ധം നഷ്ടപ്പെട്ടതെന്ന് നാസയും വ്യക്തമാക്കിയിരുന്നു. ചന്ദ്രനിൽ നാലു കാലിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശ്രമം. എന്നാൽ അതു സംഭവിക്കാതെ വന്നതോടെയാണ് അവസാന നിമിഷം ബെംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

നാസയുടെ ലൂണാർ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) പുറത്തുവിട്ട ചിത്രങ്ങൾ വിശകലനം ചെയ്താണ് നാസ ഈ നിഗമനത്തിലെത്തിയിരുന്നത്. ലാൻഡർ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവനും നേരത്തേ വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here