എന്തുകൊണ്ട് മുസ്ലിംകൾക്ക് പള്ളി പണിയാൻ തർക്കഭൂമിയില്ല? സുപ്രീംകോടതി വിധി പറയുന്നതിങ്ങനെ

0
255

ദില്ലി: (www.mediavisionnews.in) അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രം വരുമെന്ന് ഉറപ്പാകുന്നു. ഹർജി നൽകിയ രാം ലല്ലയ്ക്കോ നിർമോഹി അഖാഡയ്ക്കോ സുന്നി വഫഖ് ബോർഡിനോ ഭൂമിയിൽ ഉടമസ്ഥാവകാശമില്ലെങ്കിലും ഫലത്തിൽ തർക്കഭൂമിയിൽ ഉയരുക ക്ഷേത്രമാണ്. മുസ്ലിംകൾക്ക്, മറ്റൊരു ഭൂമി കണ്ടെത്തി നൽകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിധിച്ചിരിക്കുന്നത്. അഞ്ചേക്കർ ഭൂമി, അയോധ്യ ആക്ട് 1993 അനുസരിച്ച്, പ്രധാനപ്പെട്ട, അനുയോജ്യമായ സ്ഥലത്ത് പള്ളി പണിയാൻ കണ്ടെത്തി നൽകേണ്ടത് കേന്ദ്രസർക്കാരിന്‍റെയോ, യുപി സർക്കാരിന്‍റെയോ ചുമതലയാണെന്നും സുപ്രീംകോടതി വിധിക്കുന്നു.

പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് ഇവിടെ പരിസമാപ്തിയാകുമ്പോൾ, എന്തുകൊണ്ടാണ് മുസ്ലിംകൾക്ക് മറ്റൊരു ഭൂമി നൽകുന്നത്? എന്തുകൊണ്ട് തർക്കഭൂമിയിൽ പള്ളി പണിയുന്നില്ല?

”ഇന്ത്യയെന്ന ആശയം ഉടലെടുത്ത കാലം മുതൽക്ക് സജീവമായ തർക്കത്തിനാണ് കോടതി പരിഹാരം കണ്ടെത്തേണ്ടത്. തുടർച്ചയായി പല സംഘർഷങ്ങൾക്ക് തിരി കൊളുത്തിയ ഇടമാണ് തർക്കഭൂമി”, അഞ്ചംഗഭരണഘടനാ ബഞ്ച് വിധിപ്രസ്താവത്തിൽ എഴുതി.

എന്തുകൊണ്ട് തർക്കഭൂമി ക്ഷേത്രത്തിന് നൽകുന്നു?

ചരിത്രപരമായ തെളിവുകൾ വച്ച് നോക്കിയാൽ… ഭൂമിയ്ക്ക് മേൽ അവകാശമുണ്ടെന്ന ഹിന്ദുക്കളുടെ അവകാശത്തിന് ആകെ മൊത്തം നോക്കുമ്പോൾ മുസ്ലിംകളുടെ അവകാശവാദത്തേക്കാൾ താരതമ്യേന സാധുത കൂടുതലാണ്” – ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകൾ ഭാഗികമായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിക്കുന്നു.

എന്തുകൊണ്ട് മുസ്ലിംകൾക്ക് വേറെ ഭൂമി?

ബാബ്റി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിലൂടെ മുസ്ലിംകളുടെ പള്ളിയെ അനാദരിക്കുന്ന, അപമാനിക്കുന്ന സ്ഥിതിയുണ്ടായി. അതിന് ശേഷം 1992 ഡിസംബർ 6-ന് പള്ളി പൂർണമായും തകർക്കപ്പെട്ടു.

പ്രാർത്ഥിച്ചിരുന്ന പള്ളി ഇല്ലാതായ, മുസ്ലിംകൾക്ക് വേണ്ടി കോടതി ഇടപെട്ടേ തീരൂ. ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്റി പള്ളി പൊളിക്കൽ. ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ മതങ്ങളും ഒരു പോലെയാണ്. സഹിഷ്ണുതയും പരസ്പരസഹവർത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യന്താപേക്ഷിതമാണ്”, എന്ന് കോടതി.

എന്തുകൊണ്ട് ഭൂമി വിഭജിച്ച് നൽകിയില്ല?

മൂന്നായി തർക്കഭൂമി വിഭജിച്ച് നൽകുന്നത് നിയമപരമായി ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സമാധാനം പുലരാൻ ഈ പരിഹാരം കൊണ്ട് കഴിയില്ല. തർക്കഭൂമി മൂന്നായി വിഭജിക്കുന്നത് മൂന്ന് കക്ഷികൾക്കും സംതൃപ്തി നൽകുന്നതല്ല. അതുകൊണ്ട്, നിരന്തരം സമാധാനമുണ്ടാവുകയുമില്ല – എന്ന് സുപ്രീംകോടതി.

ബാബ്റി പള്ളി പൊളിച്ചത് നിയമവിരുദ്ധം

”1992-ൽ പള്ളി പൊളിച്ചു, ആ മന്ദിരം പൂർണമായും തകർത്തു. നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ, കോടതി പുറപ്പെടുവിച്ച എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടായിരുന്നു ഇത്. ഇതിനെ കടുത്ത നിയമലംഘനമായേ കാണാനാകൂ”, കോടതി നിരീക്ഷിക്കുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here