കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യയ്‌ക്കെതിരെ ഡേ-നൈറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് പുറത്ത്. കേവലം 106 റണ്‍സാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകെ ബംഗ്ലാദേശ് തകരുകയായിരുന്നു.
ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഷമിയാണ് അവശേഷിച്ച രണ്ട് വിക്കറ്റെടുത്തത്. 12 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ച് വിക്കറ്റെടുത്തത്. ഉമേശ് ഏഴ് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നും ഷമി 10.3 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒരോവര്‍ എറിഞ്ഞ ജഡേജ മാത്രമാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞ മറ്റൊരു ബൗളര്‍.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുളള ബംഗ്ലാദേശ് നായകന്‍ മഹമദുല്ലയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ടീം സ്‌കോര്‍ 15 നില്‍ക്കെ തന്നെ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. 15ാം ഓവര്‍ ആകുമ്പോഴേക്കും അഞ്ച് വിക്കറ്റും 30 ഓവറിനുളളില്‍ മുഴുവന്‍ വിക്കറ്റും നഷ്ടമാകുകയായിരുന്നു.
29 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ച് നിന്നത്. ലിറ്റില്‍ ദാസ് 24 റണ്‍സെടുത്ത് റിട്ടേഡ് ഹര്‍ട്ട് ആയി. നയീം ഹസന്‍ 11ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. ഇമ്രുല്‍ കൈസ് (4) മുഹമിനുല്‍ ഹഖ് (0) മുഹമ്മദ് മിഥുന്‍ (0) മുഷ്ഫിഖു റഹമാന്‍ (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
റിട്ടേഡ് ഹര്‍ട്ടായ ലിറ്റില്‍ ദാസിന് പകരം അബൂ ജയന്തിനേയാണ് ബംഗ്ലാദേശ് കളത്തിലിറക്കിയത്. ഇതോടെ ബംഗ്ലാദേശിന് 12 ബാറ്റ്‌സ്മാന്‍മാരുടെ സേനവവും ലഭിച്ചു.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക