അയോധ്യകേസിന്റെ വിധി: ജില്ലയിൽ 56 കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റ്‌ പ്രത്യേക സ്ക്വാഡുകൾ

0
209

കാസർകോട്: (www.mediavisionnews.in) സുപ്രീംകോടതി അയോധ്യകേസിന്റെ വിധി പറയുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ജെയിംസ്‌ ജോസഫ് പറഞ്ഞു. ജില്ലയിൽ 56 കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റ്‌ ഏർപ്പെടുത്തും. ഓരോ സബ്ഡിവിഷൻ കേന്ദ്രത്തിലും ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്‌ സ്റ്റാൻഡ് തുടങ്ങിയവിടങ്ങളിലെല്ലാം ഇടയ്ക്കിടെ പരിശോധന നടത്തും.

കാസർകോട് സിവിൽ സ്റ്റേഷൻ, കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും പോലീസ് നിരീക്ഷണം ഉണ്ടാകും. അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി ഒരു തരത്തിലുള്ള സന്ദേശങ്ങളും അയക്കരുതെന്ന് പോലീസ് അറിയിച്ചു. തെറ്റായതും പ്രകോപനപരമായതുമായ സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നവരെയും നിരീക്ഷിക്കും. നേരത്തേ വർഗീയ കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാൽ മുൻകരുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

അതിർത്തിമേഖലയിൽ ശക്തമായ പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 25 പട്രോളിങ് വാഹനങ്ങൾ ജില്ലയിലുടനീളം തലങ്ങും വിലങ്ങും ഓടും. ഉൾനാടൻ റോഡുകളിൽ ബൈക്ക്‌ പട്രോളിങ് നടത്തും. തീരദേശത്തുൾപ്പെടെ മുക്കിലും മൂലയിലും പോലീസിന്റെ പരിശോധനയുണ്ടാകും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here