ഹൈദരാബാദ്: (www.mediavisionnews.in) കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരണമടഞ്ഞത് 33988 ഇന്ത്യക്കാരെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം. ലോക്‌സഭയില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനാണ് കണക്കുകള്‍ പുറത്തു വിട്ടത്. ഈ വര്‍ഷം മരണപ്പെട്ടിരിക്കുന്നത് 4832 പ്രവാസികളാണ്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഖത്തര്‍ ,കുവൈത്ത് , ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത് സൗദി അറേബ്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമാണ്. 1920 പേരാണ്. 2014 മുതല്‍ 2019 വരെയുള്ള കണക്കുകളാണിത്.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പിയും ടി.പി.സി.സി പാര്‍ട്ടി അധ്യക്ഷനുമായ എന്‍.ഉത്തം കുമാര്‍ റെഡ്ഡിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വി.മുരളീധരന്‍.
തെലുങ്കാനയാണ് പ്രവാസി മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. തെലുങ്കാനയിലെ 1200 ലേറെ പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 15051 പരാതികളാണ് കേന്ദ്ര വിദേശ കാര്യ വകുപ്പിന് ഗള്‍ഫ് എന്‍.ആര്‍.ഐ കളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഏജന്റുമാരാല്‍ ചതിക്കപ്പെട്ടതും വേതനം നല്‍കാതെ പറ്റിക്കപ്പെട്ട പ്രവാസികളുടെയും പരാതികളാണ്. ഇതിനൊപ്പം എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാതെ ജോലി ഉടമകള്‍ ബുദ്ധിമുട്ടിക്കുന്നതും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും മറ്റു തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും താമസ സൗകര്യം ലഭിക്കാത്തതുമുള്‍പ്പെടെയുള്ള പരാതികള്‍ ഇതിലുള്‍പ്പെടുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക