രാജ്യത്ത് പ്രണയപ്പകയിൽ പൊലിഞ്ഞത് 44,412 ജീവൻ; മുന്നിൽ യുപി, ‘പ്രേമിച്ച് കൊല്ലാതെ’ കേരളം

0
174

ന്യൂഡൽഹി :(www.mediavisionnews.in)  ഇന്ത്യയിൽ കൊലപാതക നിരക്ക് കുറഞ്ഞുവരികയാണെന്ന ആശ്വാസ വാർത്തയുമായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി). 2001 മുതൽ 2017 വരെയുള്ള റിപ്പോർട്ടുകൾ താരതമ്യപ്പെടുത്തുമ്പോഴാണു കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടായത്. പ്രണയപ്പകയാണു രാജ്യത്തെ കൊലകളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2001ൽ 36,302 കൊലകളാണു എൻസിആർബി റജിസ്റ്റർ ചെയ്തത്. 2017ൽ ഇത് 28,653 ആയി; കുറവ് 21%. വ്യക്തി വൈരാഗ്യം, സ്വത്തുതർക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്നു പ്രധാന കാരണങ്ങൾ. 2001–2017 കാലയളവിൽ വ്യക്തിവൈരാഗ്യ കൊലകളുടെ എണ്ണം 67,774. കുറവ് 4.3%. ഇക്കാലയളവിൽ സ്വത്തുതർക്ക കൊലകളുടെ എണ്ണം 51,554. കുറവ് 12%.

എന്നാൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ വൻതോതിൽ കൂടി– 28%. 2001–2017 കാലയളവിൽ നടന്നത് 44,412 കൊലപാതകങ്ങൾ. ആന്ധ്രപ്രദേശ് (വാർഷിക ശരാശരി 384), മഹാരാഷ്ട്ര (277), ഗുജറാത്ത് (156), പഞ്ചാബ് (98) എന്നീ നാലു സംസ്ഥാനങ്ങളിൽ പ്രണയം ആണു ‘കൊലപാതകികളിലെ ഒന്നാമൻ’. കാരണങ്ങളുടെ പട്ടികയിൽ രണ്ടാമതാണെങ്കിലും പ്രണയകൊലപാതക നിരക്കിൽ ഉത്തർപ്രദേശാണു മുന്നിൽ.

പ്രതിവർഷം ശരാശരി 395 പേരാണു പ്രണയപ്പകയുടെ പേരിൽ യുപിയിൽ കൊല്ലപ്പെടുന്നത്. രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. തമിഴ്നാട്, കർണാടക, ഡൽഹി സംസ്ഥാനങ്ങളിലും പ്രണയപ്പക കൊലപാതക കാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങളിൽ മൂന്നോ നാലോ സ്ഥാനത്തും പ്രണയപ്പകയാണു കൊലയ്ക്കു കാരണമാകുന്നത്.

ഈ കണക്കുകളിൽ കേരളവും ബംഗാളും വേറിട്ടുനിൽക്കുന്നു. പ്രണയനൈരാശ്യമോ പ്രണയപ്പകയോ മൂലമുള്ള കൊലകൾ രണ്ടിടത്തും താരതമ്യേന വളരെ കുറവാണ്. 2001–2017 കാലയളവി‍ൽ പ്രതിവർഷം ശരാശരി 29 കൊലപാതകങ്ങളാണു ബംഗാളിൽ നടന്നിട്ടുള്ളത്. കേരളത്തിലാകട്ടെ ആറെണ്ണം വീതവും. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ശരാശരി 10 പേർക്കാണു ഓരോ വർഷവും ജീവൻ നഷ്ടപ്പെട്ടത്.

ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണു പലപ്പോഴും പ്രണയക്കൊലകളുടെ മുഖ്യകാരണങ്ങളെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ ശരാശരി എടുത്താൽ രാജ്യത്തു മൂന്നാം സ്ഥാനമാണു കൊലപാതക കാരണങ്ങളിൽ പ്രണയപ്പകയ്ക്കുള്ളത്. ദുരഭിമാന കൊലകളിലും വർധനയുണ്ട്. 2016ൽ 71 പേർക്കും 2017ൽ 92 പേർക്കും ദുരഭിമാനത്തിന്റെ പേരിൽ രാജ്യത്തു ജീവൻ നഷ്ടപ്പെട്ടു.

എൻസിആർബി റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാനമായ ന്യൂഡൽഹിയാണു മുന്നിൽ. ഒരു ലക്ഷം ജനസംഖ്യക്ക് 1,050 കുറ്റകൃത്യങ്ങൾ. കേരളമാണു രണ്ടാമത്; ഒരു ലക്ഷം ജനസംഖ്യക്ക് 656 ക്രൈം കേസ്. തമിഴ്നാട്ടിൽ 256, ജാർഖണ്ഡിൽ 130 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളിലെ കുറ്റകൃത്യ നിരക്ക്. 2017ൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ മുൻ വർഷത്തേക്കാൾ ആറ് ശതമാനം വർധനയുണ്ടായി. സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന് 3,59,849 കേസുകൾ 2017ൽ റിപ്പോർട്ട് ചെയ്തു. 56,011 കേസുകളുമായി യുപി ആണ് മുന്നിൽ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here