കാസര്‍കോട് വികസന പാക്കേജില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍

0
213

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് വികസന പാക്കേജില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍ ഏറ്റെടുക്കാന്‍ തീരുമാനം. റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഗ്രാനൂളുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതി യോഗം ഇത് സംബന്ധിച്ച് വിശകലനം നടത്തി. ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍ സംബന്ധിച്ച അടിസ്ഥാന വിവരണവും ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശവും കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക്ക് റോഡ് നിര്‍മ്മിക്കുന്നതിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍ വിശദീകരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കഴുകി നന്നാക്കി പ്ലാസ്റ്റിക് ഷ്രെഡിംഗ്് യൂണിറ്റുകളില്‍ പൊടിച്ച ഗ്രാനൂളുകളാണ് റോഡ് നിര്‍മ്മാണത്തിന് താറിന്റെ കൂടെ കലര്‍ത്തുക. മിക്സിങ് ചേമ്പറില്‍ 160 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാക്കിയാണ് താര്‍ പ്ലാസ്റ്റിക്ക് മിശ്രിതം തയ്യാറാക്കുന്നത്. ഇത് റോഡില്‍ 110 മുതല്‍ 120 ഡിഗ്രി സെന്റിഗ്രേഡ് താപനിലയില്‍ ഉപയോഗിക്കും.

ഇങ്ങിനെയുള്ള മിശ്രിതത്തിന്റെ ഉപയോഗത്തിലൂടെ 10 ശതമാനം വരെ താറിന്റെ ഉപയോഗം ലാഭിക്കാന്‍ സാധിക്കും. ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇത്തരം റോഡ് പ്രവൃത്തി വലിയ അളവില്‍ സഹായിക്കും. റോഡ് നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് റോഡിന്റെ ഈടും ഉറപ്പും വര്‍ദ്ധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിക്കുന്നതിലൂടെ റോഡിന് തിളക്കവും മഴവെള്ളം പുറന്തള്ളാനുള്ള കഴിവും വര്‍ദ്ധിക്കുകയും ചെയ്യും. ഇരട്ടലൈന്‍ റോഡിന് കിലോമീറ്ററിന് പതിനായിരം രൂപയില്‍ അധികം ചെലവ് കുറക്കാന്‍ സാധിക്കുകയും ചെയ്യും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വരുമാനം എന്ന സാമൂഹ്യ ബാധ്യതയും ഇത്തരം നിര്‍മ്മാണത്തിലൂടെ സാധ്യമാകും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും പ്ലാസ്റ്റിക് മിശ്രിത റോഡ് നിര്‍മ്മാണത്തിലേക്ക് മാറണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here