‘കള്ളം പറയുന്നവരുമായി ബന്ധം വേണ്ട, അമിത് ഷായെയും കൂട്ടരെയും ഞങ്ങള്‍ക്കു വിശ്വാസവുമില്ല’; രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ

0
217

മുംബൈ : (www.mediavisionnews.in) ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്നും താക്കറെ വെളിപ്പെടുത്തി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാനൊരു ബി.ജെ.പിക്കാരനല്ല. ഞാന്‍ നുണ പറയില്ല. അവര്‍ ഞങ്ങളോടു വാഗ്ദാനം ചെയ്തതാണ്. എന്നിട്ടിപ്പോള്‍ പിറകോട്ടുപോകുന്നു. മുഖ്യമന്ത്രിപദത്തെക്കുറിച്ചു ചര്‍ച്ച നടത്തിയില്ലെന്നു പറഞ്ഞതു കള്ളമാണെന്നു നിങ്ങള്‍ പറയാത്തിടത്തോളം കാലം നിങ്ങളോടു ഞാന്‍ സംസാരിക്കില്ല.

ആരാണു സത്യം പറയുന്നത് എന്നതില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. ഞങ്ങളില്‍ വിശ്വാസമില്ലെന്നാണു നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍, ഞങ്ങള്‍ക്ക് അമിത് ഷായിലും കൂട്ടരിലും വിശ്വാസമില്ല.’- മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താക്കറെ പറഞ്ഞു.

മുഖ്യമന്ത്രിപദം രാജിവെച്ച ശേഷവും താന്‍ വിളിച്ചിട്ട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തേ രംഗത്തെത്തിയിരുന്നു.

നേരിട്ടുചെന്നു കാണാന്‍ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നിട്ടിരിക്കുമ്പോള്‍ സേന എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതു ശരിയായ നിലപാടല്ല എന്നാണ് എനിക്കു തോന്നുന്നത്.’- മുഖ്യമന്ത്രിപദം രാജിവെച്ച ശേഷം ഫഡ്നാവിസ് മാധ്യമങ്ങളോടു പറഞ്ഞു.

താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ല. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവും ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സേന ഞങ്ങളുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. പക്ഷേ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുമായി ദിവസവും കൂടിക്കാഴ്ചകള്‍ നടക്കുന്നു.’- ഫഡ്നാവിസ് പറഞ്ഞു.

‘ഞാന്‍ സേനയെ വിമര്‍ശിക്കുന്നില്ല. പക്ഷേ സേനയുമായി ബന്ധപ്പെട്ട ആളുകള്‍ ദിവസവും പ്രസ്താവനകള്‍ ഇറക്കുകയാണ്. അതിനോടു പ്രതികരിക്കുന്നില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചതാണ്. ഞങ്ങള്‍ക്ക് അതേ മാര്‍ഗത്തില്‍ പ്രതികരിക്കാവുന്നതാണ്, പക്ഷേ അതു ചെയ്യുന്നില്ല.

ഞങ്ങളോടൊപ്പം ഇവിടെയും കേന്ദ്രത്തിലും അധികാരത്തിലിരുന്ന ശേഷം പ്രധാനമന്ത്രി അടക്കമുള്ള ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് അവര്‍. അതു തെറ്റാണ്. കോണ്‍ഗ്രസും പ്രതിപക്ഷവും പോലും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.’- ഫഡ്നാവിസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here