കര്‍ണാടക; ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെ.ഡി.എസ്

0
179

ബെംഗളൂരു: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ജെ.ഡി.എസ് നീക്കം. പാര്‍ട്ടിനേതാവ് എച്ച്.ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു.

‘കോണ്‍ഗ്രസിലെ പരമോന്നതനേതാവാണ് സോണിയാഗാന്ധി. അവര്‍ എന്ത് തീരുമാനിച്ചാലും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അനുസരിക്കേണ്ടിവരും. എന്നാല്‍ ജെ.ഡി.എസില്‍ പരമോന്നത നേതാവില്ല. തിരഞ്ഞെടുപ്പുഫലത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാണാം’ ദേവഗൗഡ പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഹകരിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ദേവഗൗഡയും മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും നല്‍കുന്നത്.

ബി.ജെ.പി സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന കുമാരസ്വാമിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുശേഷവും സര്‍ക്കാരുണ്ടാകുമെന്നാണ് പറഞ്ഞതെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായാല്‍ പിന്തുണയ്ക്കുമെന്ന സൂചനയാണ് കുമാരസ്വാമിയും നല്‍കിയത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടസഖ്യം അധികാരത്തിലേറുന്നത് കര്‍ണാടകത്തിലും അനുരണനമുണ്ടാക്കുമെന്നാണ് ജെ.ഡി.എസ്. നേതാക്കള്‍ കരുതുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്ഷീണമുണ്ടായാല്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍പരീക്ഷണത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യംവന്നാല്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് വീണ്ടും അധികാരത്തിലെത്താമെന്നും ജെ.ഡി.എസ്. കണക്കുക്കൂട്ടുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ സഖ്യനീക്കത്തിന് എതിരാണ്. ബി.ജെ.പി.ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ ആറെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹര്യംവന്നാല്‍ ജെ.ഡി.എസിന്റെ നിലപാട് നിര്‍ണായകമാകും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here