എന്തിനും ഏതിനും ഗുളിക വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

0
218

(www.mediavisionnews.in): ചെറിയൊരു തലവേദനയോ, തുമ്മലോ, വയറുവേദനയോ ഒക്കെ വരുമ്പോഴേക്കും ഓടിപ്പോയി മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് തന്നിഷ്ടത്തിന് ഗുളികകള്‍ വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലൊന്നും ആശുപത്രിയിലേക്ക് പോവുകയോ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശമോ ചികിത്സയോ തേടുകയോ ഇല്ല.

ഇത്തരക്കാരുടെ ശ്രദ്ധയിലേക്കാണ് പുതിയൊരു പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ ഇങ്ങനെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന ‘ആന്റിബയോട്ടിക്കുകള്‍’ പിന്നീട് ‘പാര്‍ക്കിന്‍സണ്‍സ്’ എന്ന രോഗത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനറിപ്പോര്‍ട്ട്.

ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ‘മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ്’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനവുമായി ബന്ധപ്പട്ട വിശദാംശങ്ങള്‍ വന്നത്.

ധാരാളം ആന്റിബയോട്ടിക്കുളുടെ ഉപയോഗം കുടലിനകത്തെ ബാക്ടീരിയകളുടെയും മറ്റ് സൂക്ഷമജീവികളുടെയും എണ്ണത്തെ മോശമായി ബാധിക്കുമത്രേ. അതായത്, നമ്മുടെ ശരീരത്തിലെ പല ആന്തരീക പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കുന്ന സൂക്ഷ്മജീവികളാണിവ. എന്നാല്‍ ഇവയുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവോ, വര്‍ധനയോ സംഭവിച്ചാല്‍ അത് അപകടവുമാണ്.

‘പാര്‍ക്കിന്‍സണ്‍സ്’ രോഗികളില്‍ കുടലിനകത്തെ സൂക്ഷമജീവികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വ്യത്യാസങ്ങള്‍ നേരത്തേ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതും ‘പാര്‍ക്കിന്‍സണ്‍സ്’ രോഗവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ആര്‍ക്കുമായിരുന്നില്ല.

അതേസമയം, ‘പാര്‍ക്കിന്‍സണ്‍സ്’ രോഗവും കുടലിനകത്തെ സൂക്ഷമജീവികളുടെ സന്തുലിതാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്നാണ് നിരവധി രോഗികളുടെ കേസുകള്‍ പഠിച്ച ശേഷം ഗവേഷകര്‍ ഈ പഠനത്തിലൂടെ അവകാശപ്പെടുന്നത്. കേന്ദ്ര നാഡിവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് ‘പാര്‍ക്കിന്‍സണ്‍സ്’. മരുന്നിലൂടെ ചെറിയൊരു പരിധി വരെ ഇതുമൂലമുണ്ടാകുന്ന വിഷമതകള്‍ നിയന്ത്രിക്കാമെന്നല്ലാതെ പൂര്‍ണ്ണമായി രോഗത്തെ ഭേദപ്പെടുത്താനാകില്ല. മറവി, നടക്കാനും മറ്റ് ചലനങ്ങള്‍ക്കമുള്ള ബുദ്ധിമുട്ട്, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും ‘പാര്‍ക്കിന്‍സണ്‍സ്’ രോഗികൡലുണ്ടാവുക. ക്രമേണ രോഗം മൂലം ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here