ദില്ലി: (www.mediavisionnews.in) ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) ന്യൂനപക്ഷ മതവിഭാഗങ്ങളെയാണ് ലക്ഷ്യമാക്കുന്നതെന്നും മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കുന്നതിനുള്ള ഉപകരണമാണ് അതെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമീഷൻ റിപ്പോർട്ട്. ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന അസമിലെ അന്തിമ പൗരത്വ പട്ടികയിൽനിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. നിരവധി ദേശീയ, അന്തർദേശീയ സംഘടനകൾ പട്ടികയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അസമിലെ ബംഗാളി മുസ്ലിംകളുടെ അവകാശങ്ങൾ നിഷേധിക്കുകയെന്ന അജണ്ട ഇതിന് പിന്നിലുണ്ടെന്നും യു.എസ് കമീഷൻ നിരീക്ഷിച്ചു.
പൗരത്വ പട്ടികയിലൂടെ മുസ്ലിംകൾക്ക് രാജ്യമില്ലാതാകുന്ന അവസ്ഥ ഇന്ത്യയിൽ മതസ്വാതന്ത്ര്യം തകർക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പി സർക്കാറിൻെറ മുസ്ലിം വിരുദ്ധത ഇതിൽ പ്രതിഫലിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എൻ.ആർ.സി പരിശോധനയിലൂടെ ഹിന്ദുക്കളെയും മറ്റു ചില മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുകയും മുസ്ലിംകളെ പുറത്താക്കുകയുമാണ് ലക്ഷ്യമെന്ന് ബി.ജെ.പിതന്നെ വ്യക്തമാക്കിയതാണെന്നും നയവിശകലന വിദഗ്ധൻ ഹാരിസൺ അകിൻസ് തയാറാക്കിയ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
20ാം നൂറ്റാണ്ട് മുതൽ ബംഗ്ലാദേശിൽനിന്നും മറ്റും അസമിലേക്ക് കുടിയേറ്റ പ്രവാഹമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും നിയമവിരുദ്ധ കുടിയേറ്റം തുടർന്നു. ഇങ്ങനെ കുടിയേറിയവരിൽ ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. എന്നാൽ, സുപ്രീംകോടതി നിർദേശപ്രകാരം സുതാര്യമായ രീതിയിൽ നടക്കുന്ന നിയമ നടപടിയാണെന്നാണ് പൗരത്വ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക