അയോധ്യാ വിധി; പുന:പരിശോധനാ ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

0
166

ന്യൂദല്‍ഹി: (www.mediavisionnews.in)അയോധ്യാ ഭൂമി തര്‍ക്കക്കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹരജി സമര്‍പ്പിക്കില്ലെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്.

സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഭൂരിപക്ഷം പേരും അയോധ്യാ വിധിക്കെതിരെ പുന:പരിശോധനാ ഹരജി നല്‍കേണ്ടെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സുന്നി വഖഫ് ബോര്‍ഡ് അംഗം അബ്ദുള്‍ റസാഖ് ഖാനും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഏകകണ്ഠമായല്ല ഇത്തരമൊരു തീരുമാനത്തില്‍ സുന്നി വഖഫ് ബോര്‍ഡ് എത്തിയത്. പുന:പരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്ന് ഏഴ് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരംഗം വിയോജിച്ചു.

അതേസമയം അയോധ്യയില്‍ പകരം ഭൂമിയായി നല്‍കുന്ന അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ യോഗം തീരുമാനമെടുത്തിട്ടില്ല.

അയോധ്യ വിധി വന്നപ്പോള്‍ തന്നെ പുന:പരിശോധനാ ഹരജി ഫയല്‍ ചെയ്യുന്നതിനെതിരെ ഫാറൂഖി രംഗത്തെത്തിയിരുന്നുവെങ്കിലും ചില ബോര്‍ഡ് അംഗങ്ങള്‍ ഈ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

അതേസമയം, പുന:പരിശോധനാ ഹരജി സമര്‍പ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പൊളിച്ചുമാറ്റിയ പള്ളിക്ക് പകരമായി സ്ഥലം സ്വീകരിക്കുന്നതിനേയും ഇവര്‍ എതിര്‍ത്തു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. സുപ്രീം കോടതി വിധിയെ മാനിക്കുന്നെന്നും എന്നാല്‍ അതില്‍ തൃപ്തരല്ലെന്നുമായിരുന്നു വഖഫ് ബോര്‍ഡിന്റെ പ്രതികരണം.

അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കാനായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. പള്ളി പണിയുന്നതിന് മുസ്‌ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here