സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയവര്‍ക്ക് ഈ വര്‍ഷം മാത്രം ലഭിച്ചത് 20 ലക്ഷം രൂപ

0
194

തിരുവനന്തപുരം: (www.mediavisionnews.in)  സംസ്ഥാനത്തെ സ്വര്‍ണവേട്ടയില്‍ ഈ വര്‍ഷം ഉണ്ടായിട്ടുള്ളത് വന്‍ വര്‍ധനവ്. ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ 43.28 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടികൂടിയതിനേക്കാല്‍ ഏതാണ്ട് 16 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മാത്രമല്ല, കഴിഞ്ഞ വര്‍ഷം പിടികൂടിയത് 102 കിലോ സ്വര്‍ണമായിരുന്നെങ്കില്‍ ഈ വര്‍ഷമത് 150 കിലോയിലും അധികമാണ്. ഇതില്‍ 21.73 കോടിയുടെ സ്വര്‍ണവും പിടികൂടിയത് കരിപ്പൂരില്‍ നിന്നാണ്. ആകെ രജിസ്റ്റര്‍ ചെയ്ത 277 കേസുകളില്‍ 175 കേസുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണക്കടത്തിന്‍റെ പേരില്‍ 301 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം സെപ്തംബര്‍ 277 ആണ്. പുതുതായി ആരംഭിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രം ഈ വര്‍ഷം പിടിച്ചത് ആറേകാല്‍ കോടിയുടെ സ്വര്‍ണമാണ്. 22 കേസുകളാണ് ഇവിടെനിന്ന് മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം തൃശൂരില്‍ വന്‍ സ്വര്‍ണവേട്ടയാണ് നടന്നത്. 21 സ്ഥലങ്ങളിലായി വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 102 കിലോയും പൊതുഗതാഗത സംവിധാനമുപയോഗിച്ച് കടത്തിയ 21 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. ഇതുകൂടാതെ 2 കോടി ഇന്ത്യന്‍ രൂപയും 1900 യു എസ് ഡോളറും പിടികൂടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേരളത്തിലേക്ക് കടത്തിയ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തക്. 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവരം നല്‍കിയാല്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ ഓരോ കിലോയ്ക്കും ഒന്നരലക്ഷം രൂപ വീതമാണ് ഇന്‍ഫോര്‍മാര്‍ക്ക് റിവാര്‍ഡ് ലഭിക്കുക. ഇതില്‍ 50 ശതമാനം അഡ്വാന്‍സ് ആയിത്തന്നെ നല്‍കുകയും ചെയ്യും. ഈ വര്‍ഷം 9 മാസത്തിനിടെ ഇന്‍ഫോര്‍മാര്‍ 20 ലക്ഷം രൂപ റിവാര്‍ഡ് വാങ്ങിയിട്ടുണ്ട്. വിവരം നല്‍കുന്നവരുടെ പേരും തുക കൈമാറിയതിന്‍റെ വിവരങ്ങളും പുറത്തുവിടാത്തതിനാല്‍ ഇന്‍ഫോര്‍മാരും കസ്റ്റംസുമായുള്ള ഇടപാട് സുരക്ഷിതമായി കരുതുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here