കുമ്പള: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കുമ്പള കൊയിപ്പാടിയിലെ ആറ് സി.പി.എം പ്രവർത്തകരാണ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നത്. ഇത് സി.പി.എം നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് കുമ്പളയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ പങ്കെടുത്ത എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിലാണ് ആറ് സി.പി.എം പ്രവർത്തകരെ ബി.ജെ.പി ഹാരമണിയിച്ച് സ്വീകരിച്ചത്.
മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പാർട്ടി പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത് സി.പി.എമ്മിനെ തെല്ലൊന്നുമല്ല കുഴക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പളയിൽ സി.പി.എം ബംബ്രാണ മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ബ്രാഞ്ച് പ്രസിഡന്റും നിലവിൽ പാർട്ടി അംഗവുമായ ബി.എച്ച് ഖാലിദ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പങ്കെടുത്ത യു.ഡി.എഫ് തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ഖാലിദിന് കോൺഗ്രസ് അംഗത്വം നൽകിയത്. ഇവിടെ നിരവധി സി.പി.എം പ്രവർത്തകർ ഉടൻ പാർട്ടി വിടുമെന്നും ബി.എച്ച് ഖാലിദ് പറഞ്ഞു.
കുമ്പള പേരാലിലെ സി.പി.എം പ്രവർത്തകൻ മഡിമുഗറിലെ നിയാസും കഴിഞ്ഞ ദിവസം പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് വേളയിൽ കുമ്പളയിൽ തന്നെ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ ബദ്‌രിയ നഗറിലെ ഷിഹാബും കൊടിയമ്മയിലെ സി.എം നിസാമുദ്ധീനും പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേരുകയുണ്ടായി. സി.പി.എമ്മിന്റെ നയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് എല്ലാവരും പറയുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.