കൊച്ചി: (www.mediavisionnews.in) ക്ഷേത്ര നടയില്‍ വച്ച് ഖുര്‍ആനില്‍ നിന്നുള്ള വരികള്‍ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഫോര്‍ട്ട് കൊച്ചിയിലെ എസ്.എന്‍.ഡി.പി ശ്രീ കാര്‍ത്തികേയ ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്.
ക്ഷേത്രത്തിലെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും പിച്ചള പൊതിയാനായി കരാറെടുത്തത് മാന്നാറിലെ എന്‍.എം.എസ് ഹാന്‍ഡിക്രാഫ്റ്റസ് ആയിരുന്നു. ഷമീര്‍ മാന്നാര്‍, ഹസ്സന്‍ മാന്നാര്‍ എന്നിവരാണ് കമ്പനി ഉടമസ്ഥര്‍. കമ്പനിയുടെ കീഴില്‍ എസ്. ഗണേശന്‍ ആചാരി, പ്രശാന്ത് ആചാരി, രഘു ആചാരി, രാഹുല്‍ ആചാരി, മോഹനന്‍ ആചാരി എന്നിവരാണ് പിച്ചള പാകിയത്. ഇന്നാണ് ജോലികള്‍ തീര്‍ത്ത് നാടിന് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ ഉണ്ടായത്.
ജോലികള്‍ ചെയ്തവരെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയവരെയും ചടങ്ങില്‍ ആധരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. കരാറെടുത്ത കമ്പനിക്കുള്ള ഉപഹാരം വാങ്ങാനെത്തിയപ്പോഴാണ് ഷമീറിന് ‘ആയത്തുല്‍ ഖുര്‍സി’ എഴുതിയ ഫലകം നല്‍കിയത്. ക്ഷേത്ര നടയില്‍ വച്ച് ക്ഷേത്രകമ്മറ്റി അദ്ധ്യക്ഷന്‍ കെ.ടി സജീവ് ഉപഹാരം നല്‍കിയത്.
‘ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ പേരും വിലാസവുമൊക്കെ കമ്മറ്റി ഭാരവാഹികള്‍ വാങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ഒരു മെമന്റോ മാത്രമാണ്. ഉപഹാരം വാങ്ങാന്‍ ചെന്നപ്പോഴാണ് ഇങ്ങനൊരു ഫലകം കണ്ടത്. മുസ്‌ലിം സംബന്ധമായ ഒന്ന് തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് വാങ്ങിക്കുന്ന സമയത്ത് ഞെട്ടിപ്പോയി. നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യം വച്ച് ഒരമ്പലത്തില്‍ വെച്ച് ഇത്തരമൊരു ഉപഹാരം വാങ്ങുമ്പോള്‍ ഞെട്ടിപ്പോയി. മുമ്പ് നേരത്തെ പല ഉപഹാരങ്ങളും പൊന്നാടകളും ഒക്കെ ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു അനുഭവം ആദ്യമായാണ്’- ഷമീര്‍ മാന്നാര്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.