വീണ്ടും കേരളം; സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി; രാജ്യത്ത് ഇതാദ്യം

0
205

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ അണ്‍ എയിഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി. ഇത്തരം ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. രാജ്യത്ത് ആദ്യമാണ് പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്ന തീരുമാനം ഒരു സര്‍ക്കാര്‍ എടുക്കുന്നത്. ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനമെടുത്തത്.

നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ തൊഴിലെടുക്കുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ പ്രസവാനുകൂല്യ നിയമപരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചത്.

പ്രസവാനുകൂല്യ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് ആറു മാസം ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ നിശ്ചിത തുക അനുവദിക്കുകയും ചെയ്യും.


അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് തീരുമാനമെന്നത് ജീവനക്കാര്‍ക്ക് ഇരട്ടി സന്തോഷമാണ് നല്‍കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here