വരവില്ല, ചെലവേറുന്നു; കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഗുരുതരം

0
187

തിരുവനന്തപുരം: (www.mediavisionnews.in) മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നുവെന്ന സൂചനയോടെ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്റെ സൂചനയായി ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നു.

ഏപ്രിൽമുതൽ സെപ്റ്റംബർവരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യനികുതിവരുമാന വളർച്ച നാമമാത്രമാണ്. 20 ശതമാനം വളർച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകളാകട്ടെ നിയന്ത്രിക്കാനാവുന്നില്ല. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായി.

ഈമാസം സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. രണ്ടുദിവസം ഓവർ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകൾക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതൽ ഇനത്തിൽ 2200 കോടി അടയ്ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

പണത്തിന് ഞെരുക്കമുള്ളപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾക്ക് ‘വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്’ എന്നനിലയിൽ റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതിൽക്കൂടുതലെടുത്താൽ ഓവർ ഡ്രാഫ്റ്റാവും. മുൻകൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കും. എന്നാൽ, പരമാവധി അഞ്ചുദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ കഴിയുന്നതിനാൽ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല. ട്രഷറിയിലെ ഇടപാടുകൾ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.

പ്രതിസന്ധിക്കുപിന്നിൽ

1. രാജ്യത്താകെയുള്ള മാന്ദ്യം, ജി.എസ്.ടി.യിലെ പ്രശ്നങ്ങൾ:

ഇവ ബാഹ്യഘടകങ്ങളായതിനാൽ തങ്ങൾ നിസ്സഹായരാണെന്നാണ് ധനവകുപ്പിന്റെ വാദം. ജി.എസ്.ടി.യിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ജി.എസ്.ടി. വരുമാനത്തിലെ മാന്ദ്യം കേരളത്തിൽ മാത്രമല്ല, രാജ്യമാകെയുണ്ട്.

2. ശമ്പളവും പെൻഷനും പലിശച്ചെലവും: റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ഈയിനത്തിൽ ചെലവാകും. ഇവയും കുറയ്ക്കാനാകില്ല

3. പുതിയ തസ്തികകൾ: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ 18,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച തസ്തികകൾക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയാണിത്.

4. പദ്ധതിച്ചെലവും അനാവശ്യചെലവും: ഇതുമാത്രമാണ് സർക്കാരിന് നിയന്ത്രിക്കാനാവുന്നത്. എന്നാൽ, അനാവശ്യചെലവുകൾ കാര്യമായി നിയന്ത്രിക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള ആലോചനകളിലേക്ക് കടന്നിരിക്കയാണ് ധനവകുപ്പ്

5. വായ്പനിയന്ത്രണം: ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനർനിർമാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കും.

ആറുമാസത്തെ ആകെ നികുതിവരുമാനം

(ഏപ്രിൽ-സെപ്‌റ്റംബർ)

2018-19 20344.14 കോടി

2019-20 20590.58 കോടി

മദ്യം, പെട്രോൾ, ഡീസൽ

2018-19 8395.64 കോടി

2019-20 7834.75 കോടി

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here