യുഎഇയില്‍ അടുത്തമാസം മുതല്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുമെന്ന് പ്രഖ്യാപനം

0
246

ദുബായ് (www.mediavisionnews.in):യുഎഇയില്‍ അടുത്തമാസം മുതല്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹംലി അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള പത്ത് നിര്‍ദേശങ്ങളും മന്ത്രിസഭ മുന്നോട്ടുവെച്ചിരുന്നു.

2022ഓടെ ഇരുപതിനായിരം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. ഫെഡറല്‍, പ്രാദേശിക ഭരണകൂടങ്ങളും രാജ്യത്തെ സ്വാകാര്യ മേഖലയും സഹകരിച്ച് നവംബര്‍ മുതല്‍ തന്നെ സ്വദേശിവത്കരണം നടപ്പാക്കിത്തുടങ്ങും. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനും അതിനനുസൃതമായി തൊഴില്‍ നൈപുണ്യവും വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കും.

ഒരു വര്‍ഷത്തേക്ക് സ്വദേശികള്‍ക്ക് പരിശീലനം നല്‍കിയാവും വിവിധ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ കഴിയുന്നവരെ കണ്ടെത്തുന്നത്. പരിശീലന സമയത്തും കുറഞ്ഞത് പതിനായിരം ദിര്‍ഹം അലവന്‍സായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കും. ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റി അതോരിറ്റി, ടെലികോം റെഗുലേറ്ററി അതോരിറ്റി, സിവില്‍ ഏവിയേഷന്‍ അതോരിറ്റി, ടെലികോം അതോരിറ്റി എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിന് മാനവവിഭവശേഷി മന്ത്രാലയം തന്നെ നേതൃത്വം നല്‍കും.

സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍ സ്വദേശികള്‍ക്കായി നിജപ്പെടുത്തണമെന്നും സേവന തസ്തികകളില്‍ എല്ലാവര്‍ഷവും സ്വദേശിവത്കരണ തോത് 10 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നുമാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുുപ്പ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികമായുള്‍പ്പെടെ സഹായം നല്‍കുമെന്നും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here