മഴ ചതിക്കാതെ മഞ്ചേശ്വരം; പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

0
226

മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ചേശ്വരം ഒഴികെയുള്ള നാലു മണ്ഡലങ്ങളിലും മഴ വോട്ടിംഗ് മന്ദഗതിയിലാക്കി യിരുന്നു. മഞ്ചേശ്വരത്ത് 55.53 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതുവരേയും കാലാവസ്ഥ അനുകൂലമായതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ടു ചെയ്യുകയാണ്. രാവിലെ മുതൽ ബൂത്തുകളിൽ താരതമ്യേനെ നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്.

മണ്ഡലത്തിലെ ചില ബൂത്തുകളില്‍ അമ്പത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഒന്നരമണിക്കൂറുകളോളം കാത്തു നിന്നാണ് പല ബൂത്തുകളിലും വോട്ടര്‍മാര്‍ സമ്മതിദാനം നിര്‍വഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പായതിനാലും മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായതിനാലും പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 76 ശതമാനമാനമായിരുന്നു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ്. ഇത്തവണ പോളിംഗ് ശതമാനം ഉയരുമെന്നാണ് ഇതുവരേയുമുളള സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ചില ബൂത്തുകളില്‍ വിവിപാറ്റ് കേടുവന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം നടന്നു. തന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ട് ചെയ്യാൻ നബീസ എന്ന യുവതി ശ്രമിച്ചത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവർ ഈ ബൂത്തിലെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

അഞ്ച് മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ സുരക്ഷാ മുൻകരുതലുകൾക്കിടയിൽ പോളിങ് നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലത്തിലാണ്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് തടയാനായി കനത്ത മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാകലക്ടര്‍ സജിത് ബാബുവിന്‍റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്.

പ്രശ്നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നീരിക്ഷിക്കുവാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെയുള്ള 198 ബൂത്തുകളില്‍ ഏറ്റവും പ്രശ്നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതു കൂടാതെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗും നടക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here