മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണം; ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി മീണ

0
194

തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും എസ്പിമാരുമായും റിട്ടേണിങ് ഓഫിസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വിഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.

പോളിങ് സ്‌റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിങ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്‌നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടർമാർ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. ജില്ലാ പൊലീസ് മേധാവിമാരും എസ്പിമാരും പൊലീസ് തലത്തിൽ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചു.

സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. കർണാടകവുമായി ചേർന്ന പോളിങ് സ്‌റ്റേഷനുകളിലും അതിർത്തി കടന്നെത്തി വോട്ടിങ് നടത്താനുള്ള സാധ്യതകൾ തടയാൻ ശക്തമായ സംവിധാനമൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിങ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകി. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്. മണ്ഡലങ്ങളിൽ ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക വനിതാ ഓഫിസർമാരെ നിയോഗിക്കും.

ഉദ്യോഗസ്ഥര്‍ നിഷ്പക്ഷവും നീതിപൂർവവുമായി പെരുമാറുന്നെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകി. പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനപ്പെട്ട നേതാക്കളുടെ പ്രസംഗങ്ങൾ വിഡിയോ റെക്കോർഡിങ് ചെയ്യണമെന്നും നിർദേശിച്ചു. വോട്ടർപ്പട്ടിക വിശദമായി പരിശോധിച്ച് നിശ്ചിത തീയതിക്കകം ലഭിച്ച പുതിയ അപേക്ഷകൾ കൂടി പരിഗണിച്ച് തയാറാക്കിയ സപ്ലിമെന്ററി വോട്ടർപട്ടിക ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾക്ക് നൽകാനും ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here