പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം: മോദിക്ക് ഒരുലക്ഷം കത്തയച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം

0
199

കോഴിക്കോട് (www.mediavisionnews.in): രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം തുടങ്ങി 50 പേര്‍ക്കെതിരേയാണ് ബിഹാറില്‍ കേസെടുത്തത്.

‘ജയ് ശ്രീറാം’ വിളിച്ച് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്‌കാരിക നായകര്‍ കത്തിലൂടെ വിമര്‍ശിച്ചിരുന്നു. കത്ത് പുറത്തുവന്ന ഘട്ടത്തില്‍തന്നെ സംഘപരിവാര്‍ ഭീഷണി ആരംഭിച്ചതാണ്. അടൂര്‍ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണ്. അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാവില്ല.

അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണം, പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് കത്തയക്കുന്നതെന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here